
കൂട്ടുകാരനെപ്പോലെയായിരുന്നു ത്യാഗരാജനെ അച്ഛന് ഒപ്പം കൊണ്ടുനടന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും ബാലകൃഷ്ണ മുതലിയാരുണ്ടെങ്കില് കൂടെ ഇളയ മകനുമുണ്ടാകും. അക്കാലത്ത് ആമ്പൂരില്‍ രണ്ടു തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീ തീയേറ്ററും ലക്ഷ്മി തീയേറ്ററും. അച്ഛനും അമ്മയ്ക്കുമൊപ്പം ലക്ഷ്മി തീയേറ്ററിലിരുന്നാണ് സിനിമ എന്തെന്ന് ആദ്യമായി ത്യാഗരാജന് അറിയുന്നത്. പി.യു. ചിന്നപ്പ നായകനായ മങ്ങയാര്ക്കരശിയായിരുന്നു ആ ചിത്രം. പുതുക്കോട്ടൈ ഉലകനാഥന്‍ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പയെ ത്യാഗരാജന് തന്റെ ഹൃദയത്തോടു ചേര്‍ത്തുകെട്ടുന്നതും മങ്ങയാര്ക്കരശി കാണുന്നതോടെയാണ്. സുദര്ശന്, കൃഷ്ണഭക്തി, വനസുന്ദരി, പങ്കജവല്ലി, ഹരിശ്ചന്ദ്ര തുടങ്ങി ചിന്നപ്പ നടിച്ച പല ചിത്രങ്ങളും ത്യാഗരാജനെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കി. വീടിന്റെ ചുമരുകളിലും മുറികളിലുമൊക്കെ ചിന്നപ്പയുടെ ചിത്രങ്ങള്‍ പതിച്ചുവെച്ചപ്പോള് മകനോടുള്ള സ്നേഹക്കൂടുതല് കൊണ്ട് ബാലകൃഷ്ണന് മുതലിയാര്‍ വഴക്കൊന്നും പറഞ്ഞില്ല. നിര്‍മ്മാതാക്കള്‍ അടക്കിഭരിച്ചിരുന്ന തമിഴ് സിനിമ ആര്‍ട്ടിസ്റ്റുകളുടെ കൈകളിലേക്ക് മാറിയത് ചിന്നപ്പയുടെ വരവോടെയാണ്. ഒരേസമയം ചിന്നപ്പ വലിയ പാട്ടുകാരനും സ്റ്റണ്ട് ഡയറക്ടറും നടനുമായിരുന്നു. സിനിമയില്‍ കമ്പ് ഫൈറ്റ് ഏറ്റവും നന്നായി അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. നാടകത്തിലും സിനിമയിലും സംഗീതത്തിലും അതിരും എതിരുമില്ലാതെ നിറഞ്ഞുനിന്ന ചിന്നപ്പ ആരെയും പേടിയില്ലാത്ത മനുഷ്യനുമായിരുന്നു. ശരിക്കുമൊരു സ്ട്രോങ്മാന്.
എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും എസ്.എസ്. രാജേന്ദ്രന്റെയുമൊക്കെ സിനിമകള്‍ നിറഞ്ഞോടുന്ന കാലംകൂടിയായിരുന്നു അത്. സിനിമയ്ക്കൊപ്പം നാടകത്തിലും സജീവമായിരുന്ന അവര്‍ക്കെല്ലാം സ്വന്തമായി നാടകക്കമ്പനികളും ഉണ്ടായിരുന്നു. പടങ്ങള്‍ കണ്ടശേഷം അവയിലെ ഉശിരന്‍ ഫൈറ്റുകള്‍ കൂട്ടുകാരോടൊപ്പം പാലാറിന്റെ കരയില്‍ വന്ന് അനുകരിച്ചു കാണിക്കുന്നതായിരുന്നു ത്യാഗരാജന്റെ അക്കാലത്തെ മുഖ്യ ഹോബി. വടികള്‍ ഉപയാഗിച്ചുള്ള അപകടകരമായ ആ കുട്ടിക്കളികളില്‍ നിന്നാകാം ഒരുപക്ഷേ, ത്യാഗരാജന് എന്ന സ്റ്റണ്ടുമാസ്റ്ററുടെ ഉദയവും. ആമ്പൂരില്‍ പ്രധാന ചടങ്ങുകളുണ്ടാകുമ്പോള് പുലിവേഷം കെട്ടി കളിക്കുന്നതും അക്കാലത്തെ പതിവുകളിലൊന്നായിരുന്നു. കായികമായും കലാപരമായും മുതിര്‍ന്ന ആളുകള്‍ ചെയ്യുന്നത് അതുപോലെ ചെയ്തുനോക്കുന്നത് ആവേശമായി മാറി. പഠനത്തില്‍ മോശമായപ്പോഴും വീട്ടിലാരും വഴക്കു പറഞ്ഞില്ല.
പത്താം ക്ലാസിലെത്തിയപ്പോഴേക്ക് സ്കൂളില്‍ പോകുന്നത് പിന്നെയും കുറഞ്ഞു. മിക്ക ദിവസങ്ങളിലും സിനിമാശാലകളിലായിരിക്കും. ഇളയ മകനോടുള്ള ഇഷ്ടക്കൂടുതല്‍കൊണ്ട് അമ്മയും അച്ഛനും സഹോദരങ്ങളും നല്കുന്ന പണം സിനിമ കാണാനായി മാറ്റിവെച്ചു. കണ്ട സിനിമകള്‍ തന്നെ വീണ്ടും വീണ്ടും കാണും. ഇരുപത്തിയഞ്ചും മുപ്പതും തവണ കണ്ട സിനിമകളുണ്ട്. സ്കൂളില്‍ പോവാതെയും പഠിക്കാതെയും നാടകവും സിനിമയും കണ്ടുനടന്ന് ഒടുവില്‍ പത്താം ക്ലാസ് ഭംഗിയായി തോറ്റു. പിന്നീട് പരീക്ഷയെഴുതാനൊന്നും പോയില്ല. നാട്ടിലെ ഒരു നാടകസംഘത്തില്‍ ചേര്‍ന്നു. അരങ്ങിലെ ആട്ടങ്ങളുമായി ഒരു വര്‍ഷം കടന്നുപോയി. അപ്പോഴും അച്ഛന് വഴക്കൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് വിഷമമുണ്ടായിരുന്നു.
‘അവന്റെ ഇഷ്ടംപോലെ ജീവിക്കട്ടെ’ അമ്മയെ അച്ഛന് സമാധാനിപ്പിച്ചു.
പ്രേംനസീറിന്റെ തമിഴ് പടങ്ങളും അക്കാലത്ത് ആമ്പൂരില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. തൈ പിറന്താല്‍ വഴി പിറക്കും എന്ന സിനിമ കണ്ടതോടെ ത്യാഗരാജന് പ്രേംനസീറിനെയും ഇഷ്ടപ്പെട്ടുതുടങ്ങി. മലയാളത്തിന്റെ തിരശ്ശീലയില്‍ പ്രണയത്തിന്റെ വര്‍ണങ്ങള്‍ വിതറിയ നസീര്‍ തമിഴകത്തിന്റെ മനസ്സിലേക്കും പടര്‍ന്നുകയറുന്ന കാലമായിരുന്നു അത്. ത്യാഗരാജന്റെ പ്രിയപ്പെട്ട നടന്മാര്ക്കൊപ്പം പ്രേംനസീറിന്റെ സുന്ദരചിത്രവും മുതലിയാര്‍ തറവാടിന്റെ പൂമുഖത്തെ ചുവരില്‍ സ്ഥാനംപിടിച്ചു. പ്രേംനസീറിനോടുള്ള ത്യാഗരാജന്റെ ആരാധന മനസ്സിലാക്കിയ കൂട്ടുകാര്‍ പറഞ്ഞു: ‘നീ പ്രേംനസീറിനെപ്പോലെയുണ്ട് രാജാ.., നിനക്ക് സിനിമയില്‍ അഭിനയിക്കാന്‍ പൊയ്ക്കൂടേ? നീ സിനിമയില്‍ ചെന്നാല്‍ പിന്നെയവിടെ എം.ജി. ആറും ശിവാജിയും നസീറുമൊന്നുമുണ്ടാകില്ല. വേഗം വിട്ടോ മദിരാശിയിലേക്ക്. ഇവിടെ കിടന്ന് നശിച്ചു പോവണ്ട.’
സത്യത്തില്‍ കൂട്ടുകാര്‍ ത്യാഗരാജനെ വെറുതെ പൊക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു ആ വാക്കുകള്‍. പക്ഷേ, ത്യാഗരാജന് അതില്‍ വീണുപോയി. പത്താം ക്ലാസ് തോറ്റവന് കലക്ടറും ഡോക്ടറുമൊക്കെയാവുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. നാടുവിട്ട് സിനിമയിലേക്ക് പോയ ആമ്പൂര് ബാബുവിനെക്കുറിച്ച് കൂട്ടുകാരില്‍നിന്ന് കൂടുതലറിയുന്നത് ആ സമയത്തായിരുന്നു. സിനിമയില്‍ പുലികേശി എന്ന വലിയൊരു സ്റ്റണ്ടുമാസ്റ്റര്ക്കൊപ്പമാണ് ബാബു ജോലി ചെയ്യുന്നതെന്നും ഇടയ്ക്കിടെ സിനിമയിലും നാടകത്തിലുമൊക്കെ അയാള്‍ അഭിനയിക്കുന്നുണ്ടെന്നും ത്യാഗരാജന് മനസ്സിലാക്കി. ബാബുവിനെ ചെന്നുകണ്ടാല്‍ അയാള്‍ സഹായിക്കും എന്ന് കൂട്ടുകാര്‍ നല്കിയ ഉറപ്പ് വലിയ ധൈര്യംപകര്‍ന്നു. നാട്ടിലെ പ്രശസ്തനായ ഒരു ജ്യോത്സ്യനെക്കൊണ്ട് അച്ഛന് ത്യാഗരാജന്റെ ജാതകം പരിശോധിപ്പിച്ചതും ഈ ഘട്ടത്തിലായിരുന്നു. ‘കലയില്‍ ഒരു പോക്കുപോകും’ എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. മദിരാശിയിലേക്കു വിടാന്‍ തീരുമാനിച്ചു.
പി.യു.ചിന്നപ്പയും എം.ജി.ആറും
Also Read
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
ജീവിതത്തെക്കുറിച്ച് വലിയ ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. പട്ടിണിയില്ലാതെ കഴിയാനുള്ള എല്ലാ സാഹചര്യങ്ങളും അച്ഛനുണ്ടാക്കിവെച്ചിരുന്നതിനാല് വീട്ടുകാരെക്കുറിച്ചോര്ത്ത് സങ്കടപ്പെടേണ്ട കാര്യവുമില്ല. നാടുവിടണമെങ്കില്‍ വണ്ടിക്കൂലി വേണം. ഇളയ കുട്ടിയായതിനാല്‍ സിനിമ കാണാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം പണം ചോദിച്ചാല്‍ വീട്ടുകാര്‍ കൊടുക്കുമായിരുന്നു. അതെല്ലാം അപ്പപ്പോള്‍തന്നെ പൊടിച്ചുതീര്ക്കും. കൈയില്‍ ഒന്നും സൂക്ഷിച്ചിരുന്നില്ല. നാടുവിടാനുള്ള പണം എന്തായാലും വീട്ടില്‍നിന്നു കിട്ടില്ല. മനസ്സില്‍ കോടമ്പാക്കം നൃത്തംവെക്കാന്‍ തുടങ്ങി. ഒരു പകല്‍ മുഴുവന്‍ യാത്രയ്ക്കുള്ള തുക എങ്ങനെ തരപ്പെടുത്തും എന്ന ചിന്തയായിരുന്നു. ഒടുവില്‍ പണം കണ്ടെത്താനുള്ള ഒരു വഴി മുന്നില്‍ തെളിഞ്ഞു. വേണോ വേണ്ടേ എന്ന ചിന്ത പലവട്ടം മനസ്സിലൂടെ കടന്നുപോയി. ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ അമ്മ കൊണ്ടുപോകാറുള്ള പണപ്പാത്രം കണ്മുന്നില് തെളിഞ്ഞു. കുറെ ദിവസം രാവും പകലുമായി ആ പണപ്പാത്രം ത്യാഗരാജനെ വേട്ടയാടാന്‍ തുടങ്ങി. ആ രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ പതുക്കെ എഴുന്നേറ്റ് അമ്മയും അച്ഛനും കിടക്കുന്ന മുറിയിലേക്ക് ത്യാഗരാജന് ചെന്നു. അന്നുവരെ ഒരു കാശുപോലും ചോദിക്കാതെ എടുത്തിട്ടില്ല. അമ്മയുടെ തലയ്ക്കരികില്‍ വെച്ചിരുന്ന പണപ്പാത്രം പെട്ടെന്നാണ് ത്യാഗരാജന് കൈകളിലാക്കിയത്. അതോടെ ശരീരം മുഴുവന്‍ വിയര്‍ക്കാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകളോടെ അച്ഛന്റെയും അമ്മയുടെയും കാല് തൊട്ടു വന്ദിച്ചു. ഇരുട്ടിലൂടെ പതിയെ നടന്ന് അടുക്കളവാതിലിലൂടെ പുറത്തു കടന്നു.
ത്യാഗരാജന്റെ ജീവിതകഥയുടെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീടിന്റെ ഗേറ്റ് ചാടിക്കടക്കുമ്പോള്‍ പിറകില്‍നിന്ന് അമ്മയുടെ ശബ്ദം, ‘മോനേ…’
തിരിഞ്ഞുനോക്കി. അവിടെ ഇരുട്ട് മാത്രമായിരുന്നു. നാലുകെട്ട് ഉറങ്ങുകയാണ്. ത്യാഗരാജന്റെ കണ്ണു നിറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. സിനിമാനടനായശേഷമേ ആമ്പൂരിലേക്ക് തിരിച്ചുവരൂ എന്ന ശപഥവുമായി ഇരുട്ടിലൂടെ ഓടി. രണ്ടു ജോടി വസ്ത്രങ്ങളടങ്ങിയ ബാഗും പാവങ്ങള്‍ക്കായി അമ്മ കരുതിവെച്ചിരുന്ന പണവും മാത്രമായിരുന്നു കൈയില്‍. ആ ഓട്ടം ആമ്പൂരിലെ ടൗണിലെത്തുമ്പോള്‍ രണ്ടുമണി കഴിഞ്ഞിരുന്നു. പച്ചക്കറികളും വെറ്റിലയും ലെതറുമൊക്കെ കയറ്റിയ ലോറികള്‍ മദിരാശിയിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. ഒരു ഡ്രൈവറോട് ചോദിച്ചു, ‘ഞാനും വരട്ടെ, മദിരാശിയിലേക്ക്.’
അയാളൊന്നും പറഞ്ഞില്ല. പണം കൊടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ഒടുവില്‍ ഡ്രൈവര്‍ പറഞ്ഞു, ‘വണ്ടിയില്‍ എന്നെ കൂടാതെ നാലു പേരുണ്ട്. കയറാന്‍ കഴിയില്ല.’
‘മുന്നില്‍ കയറണ്ട, ഞാന്‍ മുകളില്‍ കയറി കിടന്നോളാം.’
ത്യാഗരാജന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു, ‘ഒരു കുപ്പിക്കുള്ള കാശു തരാമെങ്കില്‍ താഴത്തോ മുകളിലോ എവിടെ വേണമെങ്കിലും കയറിക്കോ.’
‘തരാം.’ ആ പാത്രത്തില്‍നിന്നും പണമെടുത്തു കൊടുക്കുമ്പോള്‍ ത്യാഗരാജന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. വിശന്ന് ഭിക്ഷ യാചിക്കുന്നവര്ക്കായി അമ്മ കരുതിവെച്ച പണം ഒരാള്‍ക്ക് കള്ളു കുടിക്കാന്‍ കൊടുക്കണോ? പക്ഷേ, കൊടുത്തു. കാരണം, ത്യാഗരാജന് സിനിമാനടനായേ പറ്റൂ.
‘എന്നാല്‍ കയറിക്കോ’ എന്നു പറഞ്ഞ് ഡ്രൈവറും വണ്ടിയിലേക്കു കയറി. ആ വണ്ടിയില്‍ ഒരു ബാഗ് വെക്കാന്പോലും സ്ഥലമുണ്ടായിരുന്നില്ല. തലങ്ങും വിലങ്ങുമായി കുറെ കാലുകളും തലകളും. എല്ലാവരും നല്ല ഉറക്കത്തിലാണ്. പച്ചക്കറികള്‍ മൂടിക്കെട്ടിയ കയറില്‍ പിടിച്ച് ത്യാഗരാജന് വണ്ടിയുടെ മുകളിലേക്കു കയറി. ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. കൈയിലുണ്ടായിരുന്ന ബാഗ് തലയ്ക്കടിയില്‍ വെച്ച് ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളെ നോക്കിക്കിടന്നു. താരാപഥത്തിലേക്കാണല്ലോ തന്റെ യാത്രയെന്ന് ത്യാഗരാജനപ്പോള് ഓര്‍ത്തു. എം.ജി. ആറിന്റെ പാട്ടുകളും ഉശിരന്‍ വാള്പ്പയറ്റുകളും ശിവാജി ഗണേശന്റെയും എസ്.എസ്. രാജേന്ദ്രന്റെയും തകര്‍പ്പന്‍ ഡയലോഗുകളും ആ പതിനാറുകാരന്റെ മനസ്സില്‍ പടര്‍ന്നുകയറി. തിരശ്ശീലയില്‍ ത്യാഗരാജന് എന്ന പേര് തെളിയുമ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നതും സ്വപ്നംകണ്ട് ലോറിയുടെ താളങ്ങള്‍ക്കൊപ്പം അവന് ഉറങ്ങി.
(തെരുവിൽ ഉറങ്ങിയ നാളുകൾ… കഥ തുടരും….)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]