
ഗാസിയാബാദ്: ഗ്രേറ്റര്‍ നോയിഡയില്‍ 29 കാരന് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് സ്വദേശിയായ മഞ്ജിത് മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഗാസിയാബാദിലെ ഒരു ബാങ്കില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. കേസില്‍ മഞ്ജിത്തിന്റെ ഭര്യയേയും അവരുടെ സഹോദരനേയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് മഞ്ജിത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. റോഡില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. റോഡില്‍കൂടെ കടന്നു പോയ പൊലീസ് റെസ്പോണ്‍സ് വെഹിക്കിള്‍ ആള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മഞ്ജിത്തിന്റെ തലയ്ക്കാണ് വെടിയേറ്റതെന്ന് ഡോക്ടര്‍ പറഞ്ഞു.
മൃതശരീരത്തിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ പരിശോധിച്ചാണ് വിവരങ്ങളെടുത്തത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. അവരെത്തി മഞ്ജിത്തിനെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു എന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു.
ഡല്‍ഹി സ്വദേശിനിയായ മേഘ സിങ് എന്ന യുവതിയെയാണ് മഞ്ജിത് വിവാഹം ചെയ്തിരുന്നത്. 2024 ജനുവരിയിലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഇതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ക്കിടയിലെ ബന്ധം വഷളായതിനെ തുടര്‍ന്ന് 2024 ജൂലൈ മുതല്‍ ഇവര്‍ പിരിഞ്ഞു തമാസിക്കുകയാണ്. മഞ്ജിത്തിന്റെ കുടുംബത്തോടൊപ്പം ജീവിക്കാന്‍ മേഘ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാറി താമസിക്കണം എന്ന ആവശ്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു. പിന്നീട് മേഘയുടെ ആവശ്യ പ്രകാരം ഇരുവരും ഇന്ദിരാപുരത്ത് ഒരു വാടക വീട്ടിലേക്ക് മാറി. എന്നാല്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കം അവസാനിച്ചില്ല. അതോടെ മഞ്ജിത്താണ് വിവാഹ മോചന കേസ് ഫയല്‍ ചെയ്തത്.
വിവാഹമോചന കേസ് കോടതിയിലിരിക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. മേഘ സിങും പിതാവ് ഭോപാല്‍ സിങും അയാളുടെ രണ്ട് ആണ് മക്കളും ചേര്‍ന്നാണ് മഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. മേഘയുടെ പിതാവിനും, മറ്റൊരു സഹോദരനും വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More: പിറന്നാളാഘോഷിക്കാന്‍ പോയി, 2 പേരെ കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത 5 പേര് അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]