
ദില്ലി: അമേരിക്കയിലുള്ള ഇന്ത്യാക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻറെ നീക്കത്തിൽ ഇന്ത്യയ്ക്ക് ആശങ്ക. ഇന്ത്യക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണം എന്ന് നിർദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോൾ 37000 പേരെയാണ് ഡോണാൾഡ് ട്രംപ് നാടു കടത്തിയത്.
അതേസമയം ഇന്ത്യാക്കാരെ വോട്ടെടുപ്പിൽ ഭാഗമാക്കാൻ സാമ്പത്തിക സഹായം നൽകിയെന്ന ഡോണാൾഡ് ട്രംപിൻ്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് കണക്കുകൾ ഔദ്യോഗികമായി ആവശ്യപ്പെടാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. യുപിഎ ഭരണ കാലത്ത് ലഭിച്ച സഹായത്തെ കുറിച്ചുള്ള ആരോപണമായതിനാൽ കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ സമ്മർദ്ദമില്ല. ട്രംപിൻ്റെ ആരോപണം കേന്ദ്ര സർക്കാരിലെ പല മന്ത്രാലയങ്ങൾ പരിശോധിക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. എന്നാൽ ഫണ്ട് ആർക്ക് നൽകി, എപ്പോൾ നൽകി തുടങ്ങി യാതൊരു വിശദാംശങ്ങളും ഇതുവരെ അമേരിക്കയോട് തേടിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]