
കൊച്ചി: ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അത് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ഊര്ജമാകുകുയും ചെയ്യും. ദേശിയപാത വികസനത്തിന്റെ ഭാഗമായി ഇതിനോടകം കേരളത്തിലെ നിരവധി ജംഗ്ഷനുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറിപ്പോയിട്ടുണ്ട്. ഇടുങ്ങിയ റോഡും ഗതാഗതക്കുരുക്കും ശാപമായിരുന്നിടത്ത് ഇന്ന് വാഹനങ്ങള്‍ ചീറിപ്പായുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊച്ചിക്കാര്‍ക്ക് സന്തോഷം പകരുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എന്‍എച്ച് 66ലെ അരുര് – തുറവൂര്‍ എലിവേറ്റഡ് ഹൈവേ കൊച്ചി ഇടപ്പള്ളിയിലേക്ക് നീട്ടാന്‍ ഒരുങ്ങുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച നിര്‍ദേശം എന്എച്എഐയുടെ പരിഗണനയിലുണ്ട്. അരൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്കുള്ള റീച്ചിന്റെ കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് നേരത്തെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിരുന്നു. ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള 17 കിലോമീറ്ററില്‍ നാല് വരി പാതയും സര്‍വീസ് റോഡും നേരത്തെ നിലവില്‍ വന്നിരുന്നു.
എന്നാല്‍ ആറ് വരിയില്‍ പുതിയ ദേശീയ പാത വരുന്നതോടെ കൊച്ചി നഗരത്തില്‍ മാത്രം ഗതാഗതം ഇഴയുമെന്ന ആശങ്ക ശക്തമാണ്. ഒരു ലക്ഷം വാഹനങ്ങള്‍ ദിവസവും ഇതുവഴി കടന്നുപോകുമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ കണക്ക്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇത് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അതൊരു ബോട്ടില്‍ നെക്ക് അവസ്ഥയ്ക്ക് കാരണമാകുമെന്നതാണ് പ്രധാന പ്രശ്നം. അരൂര്‍ – ഇടപ്പള്ളി റീച്ചിന് മുമ്പും പിമ്പും ആറ് വരിയും ഇവിടെ മാത്രം നാല് വരിയും എന്നത് ഗതാഗതകുരുക്ക് രൂക്ഷമാക്കും.
എന്നാല്‍ ഈ പ്രദേശത്ത് നിരവധി വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ സ്ഥലമേറ്റെടുക്കാന്‍ ഭീമമായ ചെലവ് വരികയും ചെയ്തു. അതുകൊണ്ട് തന്നെ ഭൂമിയേറ്റെടുത്ത് ആറ് വരിയില്‍ ഹൈവേ നിര്‍മാണം നടക്കില്ല. ഇതിന് പരിഹാരമായാണ് റോഡിന് നടുവിലെ ഒറ്റത്തൂണില്‍ ഉയരപാത നിര്‍മിക്കാന്‍ ആലോചിക്കുന്നത്. 3,600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാത യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ തന്നെ ഏറ്റവും നീളത്തിലുള്ള ഒറ്റത്തൂണ് ഉയരപാതയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവില്‍ അരൂര്‍-ഇടപ്പള്ളി ഭാഗത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം മേല്‍പ്പാലങ്ങള്‍ ആറുവരിയാണ്. ഇവക്ക് സമാന്തരമായിട്ടാകും പുതിയ ഉയരപ്പാതയുടെ നിര്‍മാണം. അതേസമയം പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വൈകാനും സാദ്ധ്യതയുണ്ടെന്നും ബദല്‍ മാര്‍ഗങ്ങളും പരിഗണിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.