
ഭാഷയുടെ മനോഹാരിതയാണ് നോവലിലെ ശ്രദ്ധേയമായ ഒരു ഘടകം. ഒഴുക്കുള്ള ആഖ്യാനം. വിപുലമായ അര്‍ത്ഥതലങ്ങള്‍ വായനക്കാരിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതാണ് എഴുത്തിന്റെ ശൈലി. ഉറപ്പായും എല്ലാ കാലത്തെയും പെണ്ണിന്റെ ചരിത്രമാണിത്.
നളദമയന്തി കഥയുടെ ഊര്ജസ്രോതസ്സുകളില്നിന്നും ഉയിര്‍ത്തുവന്ന പുതു നോവല്‍. ഒ എസ് പ്രിയദര്ശന് എഴുതിയ ‘അഖേദ’ എന്ന പുതിയ നോവലിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍, കേട്ടുമറിഞ്ഞും വായിച്ചും നമ്മള് കാലങ്ങളായി കൊണ്ടുനടന്ന നളദമയന്തി കഥയെ നാട്ടുനടപ്പനുസരിച്ച് ക്ലാസിക്കല്‍ കാഴ്ചപ്പാടിലൂടെ പുനരവലോകനം ചെയ്യുന്നൊരു പുസ്തകമല്ല അത്. പകരം, പരമ്പരാഗത ആഖ്യാനങ്ങളിലെ ഇരുള്‍വീണ നിശ്ശബ്ദതകള്‍ക്കും നിഴലുകള്‍ക്കും പുതുസ്വരം നല്കി, കാണാത്ത ഇടങ്ങളെ പ്രകാശിപ്പിക്കുകയാണ് അത്. ആണ്‍കോയ്മയുടെ ചട്ടക്കൂടില്‍ വാര്‍ത്തെടുത്ത പെണ്ണനുഭവങ്ങളെ പുതുകാലത്തിന്റെ സ്ത്രീവാദ രാഷ്ട്രീയ പ്രിസങ്ങളിലൂടെ കടത്തിവിട്ട് കാലികമായ വായനാനുഭവം സൃഷ്ടിക്കുന്ന നോവല്‍. പ്രമേയതലത്തിലും ആഖ്യാനത്തിലും രചനാചാതുരിയിലും അത് പുതിയ കാഴ്ച നല്കുന്നു. അതിനാലാവണം, ഈ ആഖ്യായികയിലെ കഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും അസാധാരണമായ ആഴങ്ങളെയും സങ്കീര്‍ണ്ണതകളെയും പുല്കുന്നത്.
ആഖ്യാനകേന്ദ്രം മാറുമ്പോള്‍
മഹാഭാരതത്തിലെ വനപര്‍വത്തില്‍ പറയുന്ന നളദമയന്തി കഥയില്‍ നളനാണ് പ്രധാനകഥാപാത്രം. നളന്റെ കാഴ്ചപ്പാടിലാണ് ആ കഥ നീങ്ങുന്നത്. നളന്റെ മനസ്സിനൊത്താണ് അതിന്റെ ആഖ്യാനം പടര്‍ന്നുപന്തലിക്കുന്നത്. എന്നാല്‍ ‘അഖേദ’യില്‍ ആഖ്യാനകേന്ദ്രം ദമയന്തിയാണ്. എന്നാലത് നാമറിയുന്ന ദമയന്തിയല്ല. സ്വന്തം അഭിപ്രായങ്ങളുള്ളവള്. നിലപാടുള്ളവള്‍. കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ അടിയറവു പറയാത്തവള്‍. ആണ്നോട്ടങ്ങള്ക്കപ്പുറം ചിന്താശേഷിയും സ്വതന്ത്ര വീക്ഷണവുമുള്ളവള്. അവളുടെ കാഴ്ചപ്പാടിലൂടെ കഥ മുന്നോട്ടുപോവുമ്പോള്‍ നളന് കഥയോരത്തേക്ക് വകഞ്ഞുമാറ്റപ്പെടുകയും ദമയന്തി പച്ചജീവിതത്തിന്റെ തീവ്രസാധ്യതയുമായി കേന്ദ്രസ്ഥാനത്തേക്ക് കടന്നുവരികയും ചെയ്യുന്നു. അങ്ങനെയാണ് ‘അഖേദ’യിലെ ദമയന്തി സമകാലീന സ്ത്രീയവസ്ഥകളുടെ ആത്മവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രകാശനമാവുന്നത്. പഴങ്കഥയിലെ ദമയന്തിയല്ല അവിടെ. കാലിക ജീവിതാവസ്ഥകളുടെ പദപ്രശ്നങ്ങള്‍ പൂരിപ്പിക്കാന്‍ ശേഷിയുള്ളവളാണ്. സ്ത്രീപക്ഷ വീക്ഷണത്തിലൂടെ ദമയന്തിയുടെ പുതിയമുഖം അനാവരണം ചെയ്യുകയാണ് ഈ നോവല്‍.
പെണ്ണനുഭവങ്ങളുടെ പദപ്രശ്നങ്ങള്‍
നളദമയന്തി കഥയില്‍ ദമയന്തി പരമ്പരാഗത സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. ‘അഖേദ’യിലെ ദമയന്തിയാവട്ടെ, സാമ്പ്രദായിക മൂല്യങ്ങളുടെ കെട്ടുപൊട്ടിക്കുന്ന, അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉദാത്തരൂപമാണ്. ഈ ദമയന്തി ബുദ്ധിമതിയാണ്. ജീവിതത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കാന്‍ കെല്‍പ്പുള്ളവള്‍. വൈതരണികളൊന്നും അവളെ തടയുന്നില്ല. ഖേദയാക്കുന്നില്ല. മറിച്ച്, ചിന്താശേഷിയും തീരുമാനങ്ങളും ചേര്‍ന്ന് അവളെ ശക്തിയുള്ളവളാക്കുന്നു.
രാജകൊട്ടാരത്തില്‍ നിന്നും നിഷ്കാസിതനായ ഭര്‍ത്താവിനൊപ്പം ഇറങ്ങി പുറപ്പെട്ടവളാണ് ദമയന്തി. പ്രണയമാണ് അവളുടെ വിശ്വാസബലം. പക്ഷേ വിശ്വസിച്ച ഭര്‍ത്താവിനാല്‍ കൊടുംകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടവളായി അവള് മാറുന്നു. തീര്‍ച്ചയായും അതൊരു ദുരന്തമാണ്. പ്രിയപ്പെട്ടവനാല്‍ തിരസ്കരിക്കപ്പെടുക. പ്രണയത്തില്‍നിന്നും മുറിഞ്ഞുപോവുക. കാലുറപ്പിച്ച മണ്ണ് അടര്‍ന്നു മാറുക. ഇത്തരമൊരു സന്ദര്‍ഭം സൃഷ്ടിക്കുന്ന ഖേദത്തെ ആത്മബലം കൊണ്ട് അതിജീവിക്കുകയാണ് നോവലിലെ ദമയന്തി. സ്ത്രീത്വത്തിന്റെ കരുത്ത് കൊണ്ട് ജീവിതത്തിന്റെ ബലതന്ത്രങ്ങളെ മറികടക്കുകയാണ് അവള്. ആത്മസംഘര്‍ഷത്തിന്റെയും ആഗ്രഹതിരസ്കരണത്തിന്റെയും ഇടയില്‍, വിശ്വാസങ്ങളില്‍ സംഭവിച്ച ഇടര്‍ച്ചയുടെ വീഴ്ചയില്പ്പെടുമ്പോഴും ഇടറാതെനില്ക്കുന്ന സ്ത്രീയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും സമകാലിക യാഥാര്‍ത്ഥ്യമായി കഥ മാറുകയാണ് ഇവിടെ. പുരാണ കഥയുടെ സങ്കല്പങ്ങളെ, പുതുജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് പറിച്ചുനട്ട് ആധുനിക സ്ത്രീത്വത്തിന്റെ യഥാര്ത്ഥ്യങ്ങളിലൂടെ, കാലഘട്ടത്തിന്റെ പരിവര്‍ത്തന ദിശയ്ക്ക് അനുകൂലമായി ആവിഷ്കരിക്കുകയാണ് ‘അഖേദ.’
പുതുകാലത്തിന്റെ മണ്ണടരുകള്‍
ദമയന്തിയുടെ കാഴ്ചപ്പാടിലൂടെ പ്രണയം, സ്വയംവരം, ദാമ്പത്യം, ചൂതുകളി, രാജ്യനഷ്ടം, വനവാസം, വിരഹം എന്നീ അവസ്ഥകളെ മാറ്റിയെഴുതുകയാണ് ഈ നോവല്‍. ഭാരതീയ പൗരാണിക ശാഖകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രചിക്കപ്പെടുമ്പോഴും ആധുനികജീവിതമൂല്യങ്ങളുടെ മണ്ണുറപ്പുകളിലാണ് ഇതിലെ കഥാപാത്രങ്ങള്‍ നില്‍ക്കുന്നത്.
കഥാനായികയായ ഭൈമി എന്ന ദമയന്തിയുടെ ജീവിതാനുഭവങ്ങള്‍ വിവിധ ഘട്ടങ്ങളിലായി സമര്‍ത്ഥമായി അവതരിപ്പിക്കുന്നതിലൂടെ അഖേദയുടെ ആന്തരികതീവ്രത അതേ ആഴത്തില്‍ വായനക്കാരിലേക്ക് പ്രവഹിക്കുന്നു. സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും സവിശേഷാവസ്ഥകളില്‍ കഥയുടെ ആഖ്യാനം പുതുവഴികള്‍ തിരയുന്നു. വായനക്കാരെ അവരുടേതായ സാധ്യതകളിലേക്ക് നടത്തുന്നു. അഖേദയുടെ കഥാന്ത്യം വായനക്കാരുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഉന്നമിടുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ വായന സാധ്യം. അവരുടേതായ ആഖ്യാനത്തിലേക്കുള്ള തുറസ്സുകള്‍ സാധ്യം.
വായനയുടെ പുതുസാധ്യതകള്‍
അഖേദയുടെ അവസാന താളുകളില്‍ ഈ സാധ്യതകള്‍ ചിറകുകുടയുന്നുണ്ട്:
‘പന്ത്രണ്ട് വര്‍ഷം ഒന്നായി പൊറുത്തവന് എങ്ങനെയാണ് ഒരു നിമിഷത്തെ ചിന്തയില്‍ വേര്‍പ്പെട്ടു പോകാനാവുക?’ സുദേവന്റെ ചോദ്യത്തിന് ഭൈമിയുടെ മറുപടി ഇങ്ങനെ: ‘കഴിയും സുദേവാ. കഴിയില്ലെന്നാണ് ഞാനും കരുതിയത് പന്ത്രണ്ട് വര്‍ഷമല്ല പന്ത്രണ്ട് ദശകം ഒന്നായി കഴിഞ്ഞാലും മനുവിലും തനുവിലും ഒരാള്‍ മറ്റൊരാള്‍ക്ക് അപരിചിതമായാല്‍ വേര്‍പാട് എന്നത് ഒരിക്കലും ഒരു അത്ഭുതമല്ല’
ഭൈമി വീണ്ടും പറയുന്നു: ‘പ്രതീക്ഷയാണ് ജീവിതം പ്രതീക്ഷ അറ്റുപോകുന്നിടത്ത് ജീവിതം സ്തംഭിക്കും, അത് മരണ തുല്യമാണ്’, ‘കാലം തീര്‍ക്കുന്ന മുറിവ് കാലം തന്നെ ഉണക്കും.’
ഭാഷയുടെ മനോഹാരിതയാണ് നോവലിലെ ശ്രദ്ധേയമായ ഒരു ഘടകം. ഒഴുക്കുള്ള ആഖ്യാനം. വിപുലമായ അര്‍ത്ഥതലങ്ങള്‍ വായനക്കാരിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതാണ് എഴുത്തിന്റെ ശൈലി. ഉറപ്പായും എല്ലാ കാലത്തെയും പെണ്ണിന്റെ ചരിത്രമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]