
കോട്ടയം: മദ്യലഹരിയിൽ യുവതിയുമായി വീട്ടിലെത്തിയതിനെ എതിർത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ച യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയറിനെയാണ് (27) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലഹരിക്ക് അടിമയും നിരവധി ലഹരിക്കേസുകളിലെ പ്രതിയുമാണ്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലിജോ സേവിയറിന്റെ പേരിൽ ലഹരി കടത്തുക്കേസുകൾ നിലവിലുണ്ട്.
എട്ടുമാസം മുൻപ് ചിങ്ങവനത്തുവച്ച് ഇയാളെ 22ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ആറുമാസം റിമാൻഡിലായിരുന്ന ഇയാൾ രണ്ടുമാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിനിയായ യുവതിയുമൊത്ത് കോട്ടയത്തുള്ള ബാറിൽ നിന്ന് മദ്യപിച്ച് ലക്കുകെട്ടാണ് രാത്രി 11 മണിയോടെ പ്രതി വീട്ടിലേത്തിയത്. ഒപ്പമുള്ള യുവതിയെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എതിർത്ത സഹോദരിയെ ക്രൂരമായി ആക്രമിച്ചശേഷം ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി പോയി.
പിന്നാലെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിനടുത്തുള്ള ഒരു റബ്ബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ തൃക്കൊടിത്താനം ഇൻസ്പെക്ടർ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതി ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. മുൻപ് അച്ഛനെയും അമ്മയെയും ലിജോ ആക്രമിച്ചിട്ടുണ്ട്. തൃക്കൊടിത്താനം, മാമൂട് ഭാഗങ്ങളിലുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ലിജോ.