
കൊച്ചി : കമ്മീഷൻ ചെയ്ത് 14 വർഷങ്ങൾക്ക് ശേഷവും പ്രഖ്യാപനത്തിന്റെ പകുതി പോലും ലക്ഷ്യം കാണാതെ കൊച്ചി വല്ലാർപാടം അന്താരാഷ്ട്ര ട്രാൻഷിപ്മെന്റ് പദ്ധതി. ആഴം കുറഞ്ഞ കപ്പൽ ചാലും, ഡ്രെഡ്ജിങ് വരുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും കാരണം വലിയ കപ്പലുകൾ എത്താത്തതാണ് പ്രതിസന്ധി. വിഴിഞ്ഞം തുറമുഖം ഉയർത്തുന്ന വെല്ലുവിളികളെ അവസരമാക്കാൻ കൊച്ചിക്ക് കഴിഞ്ഞില്ലെങ്കിൽ വലിയ പ്രതീക്ഷയോടെ സംസ്ഥാനം ഉറ്റുനോക്കിയ പദ്ധതി ഇല്ലാതാകും.
സംസ്ഥാനത്തെ അരനൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ വികസന പദ്ധതിയെന്ന ഖ്യാതിയോടെയാണ് 2011ൽ കൊച്ചി പോർട്ട് ട്രസ്റ്റിന് കീഴിലുള്ള തുറമുഖത്തിന് ഒപ്പം തന്നെ വല്ലാർപാടത്ത് ഡിപി വേൾഡ് എത്തുന്നത്. 1 ലക്ഷം തൊഴിലവസരങ്ങളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. രാജ്യാന്തര കപ്പൽ ചാലിനോട് ഏറ്റവും അടുത്തുള്ള നഗരമായ കൊച്ചി മറ്റൊരു ദുബായ് ആകുമെന്നായിരുന്നു അന്ന് കണ്ട സ്വപ്നം. 3500 കോടി രൂപ മുതൽ മുടക്കിൽ 30 വർഷത്തേക്കാണ് തുറമുഖ നടത്തിപ്പിലെ ലോകത്തിലെ തന്നെ പ്രധാനികളായ ഡിപി വേൾഡുമായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് കരാറിലേർപ്പെട്ടത്. എന്നാൽ പ്രഖ്യാപിച്ച തൊഴിലവസരങ്ങളുമില്ല. കപ്പൽചാലിന് ആഴം കുറവായതിനാൽ പ്രതീക്ഷിച്ച തോതിൽ വലിയ കപ്പലുകൾ ട്രാൻഷിപ്പ്മെന്റിനായി കൊച്ചിയിലെത്തിയതുമില്ല.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാത്രം പ്രതീക്ഷിച്ചത് 10 ലക്ഷം ടിഇയു കണ്ടൈനറുകളായിരുന്നു. ഭൂരിഭാഗവും ട്രാൻഷിപ്പ്മെന്റ് കണ്ടൈനറുകളാകുമെന്നും കണക്കുക്കൂട്ടി. എന്നാൽ 2022 വരെ പ്രതിവർഷം പരമാവധി എത്തിയത് 4000 ടിഇയു കണ്ടൈനറുകൾ മാത്രമാണ്.
ഇടുക്കി ഉപ്പുതോട് വില്ലേജിൽ അനധികൃത ഖനനം വ്യാപകം; വാർത്ത പുറത്ത് വന്നതോടെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി
ഡ്രെഡ്ജിംഗ് ഇല്ലെങ്കിൽ വലിയ മദർ ഷിപ്പുകൾക്ക് കൊച്ചി തീരമണയാൻ കഴിയില്ല. കൊച്ചിൻ പോർട്ട് ട്രസ്റ്റാണ് വർഷാവർഷവും 100 കോടി രൂപയിലധികം മുതൽ മുടക്കി ഈ ഡ്രെഡ്ജിംഗ് പൂർത്തിയാക്കി ഡിപി വേൾഡിന് കൈമാറുന്നത്. എന്നാൽ ഈ ചിലവ് കൂടി അധിക നിരക്കായി ഈടാക്കിയതോടെ ഷിപ്പിംഗ് കമ്പനികൾ കൊച്ചിയെ പരിഗണിക്കാതെ കൊളംബോ തന്നെ തെരഞ്ഞെടുത്തു. ഇതോടെ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നും പ്രതീക്ഷിച്ച പോലെ കൊച്ചിയിലേക്ക് ചരക്കും എത്തിയില്ല. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും വലിയ സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാരിൽ നിന്ന് 364 കോടി രൂപ മുതൽ മുടക്കി റെയിൽ പാലം പണിതെങ്കിലും ഒരു ചരക്ക് നീക്കവും ഈ റെയിൽ പാലത്തിലൂടെ നടക്കുന്നില്ല.
ഈ വെല്ലുവിളികൾക്കിടെയാണ് വിഴിഞ്ഞം കമ്മീഷൻ ചെയ്യുന്നത്. കൊച്ചിയേക്കാൾ പരമാവധി 7 മീറ്റർ സ്വാഭാവിക ആഴം വിഴിഞ്ഞത്തിനുണ്ട്. ട്രാൻസ്ഷിപ്പ്മെന്റ് കപ്പലുകൾ ഇപ്പോൾ വിഴിഞ്ഞത്തേക്കാണ് ഉറ്റുനോക്കുന്നത്. അപ്പോഴും കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്തേക്കും തിരിച്ചും ഫീഡർ കപ്പലുകളിൽ ചരക്ക് എത്തിക്കാനുള്ള സാധ്യത വല്ലാർപാടത്തിന് മുന്നിലുണ്ട്. ഇരുതുറമുഖങ്ങൾക്കും ഒരുമിച്ച് വളരാം. അപ്പോഴും നിരക്കിൽ വിട്ട് വീഴ്ച വേണം.
13 വർഷങ്ങൾക്കിപ്പുറം ആദ്യമായി കഴിഞ്ഞ വർഷമാണ് 8 ലക്ഷത്തിനടുത്ത് ടിഇയു കണ്ടൈനറുകൾ വല്ലാർപാടം തുറമുഖം കൈകാര്യം ചെയ്തത്. അതും ഹൂതി ആക്രമണത്തെ തുടർന്ന് യൂറോപ്പിലേക്കുള്ള മെഡിറ്റേറിയൻ പാത ഒഴിവാക്കി കപ്പലുകൾ ആഫ്രിക്ക റൂട്ട് തെരഞ്ഞെടുത്തപ്പോൾ മാത്രം. കൊളംബോ തുറമുഖത്ത് തിരക്ക് കൂടിയപ്പോൾ ഉണ്ടായ സാഹചര്യം ഇനി തുടരാനും സാധ്യതയില്ല. 2023ൽ ഗാൻട്രി ക്രെയിനുകളടക്കം എത്തിച്ച് വല്ലാർപാടത്ത് തുടർവികസനമെന്ന സൂചന ഡിപി വേൾഡ് നൽകിയിരുന്നു. വൈകിയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടിയില്ലെങ്കിൽ വിഴിഞ്ഞത്തിനൊപ്പം പിടിച്ച് നിൽക്കാതെ വല്ലാർപാടം കിതയ്ക്കും.
ഒരു സംസ്ഥാനത്ത് രണ്ട് തുറമുഖമെന്നത് പുതിയ കാര്യമൊന്നുമല്ല. അതും അന്താരാഷ്ട്ര കപ്പൽചാലിനോട് അടുത്ത് കിടക്കുന്ന രണ്ട് നഗരങ്ങൾ അതിന്റെ ആനുകൂല്യങ്ങൾ ഉപയോഗിക്കുക തന്നെ വേണം. പക്ഷേ ഒന്ന് വളരുമ്പോൾ മത്സരബുദ്ധിയോടെ മറ്റ് തുറമുഖത്തിനും വളരാൻ കഴിയണം. ഇല്ലെങ്കിൽ നമ്മുടെ നാടിന്റെ വികസനം പിന്നോട്ടാവുക തന്നെ ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]