
ന്യൂഡല്‍ഹി: ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2019ലെ ഫെബ്രുവരി മാസത്തിലാണ് ഇന്ത്യയില്‍ ആദ്യമായി വന്ദേഭാരത് ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചത്. രാജ്യത്ത് അന്ന് വരെ കണ്ടിട്ടോ അനുഭവിച്ചിട്ടില്ലാത്തതോ ആയ ഒന്നായിരുന്നു യാത്രക്കാര്‍ക്ക് ഈ പ്രീമിയം ട്രെയിന്‍ സമ്മാനിച്ചത്. വികസിത രാഷ്ട്രങ്ങളിലെ ട്രെയിന്‍ യാത്രയെ അനുസ്മരിപ്പിക്കുന്ന സൗകര്യങ്ങള്‍. ഒപ്പം ഇന്ത്യയില്‍ പതിവായി അനുഭവിച്ചിരുന്ന യാത്രാ ദുരിതം പേരിന് പോലുമില്ലാത്ത സര്‍വീസ്. ഞൊടിയിടയില്‍ രാജ്യത്തെ വിവിധ റൂട്ടുകളില്‍ വന്ദേഭാരത് സൂപ്പര്‍ ഹിറ്റായി മാറി.
2019ല്‍ ന്യൂഡല്‍ഹി – വാരാണസി റൂട്ടിലാണ് ആദ്യത്തെ വന്ദേഭാരത് ഓടിയത്. പിന്നീട് കേരളത്തിലെ രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 78 റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. പകല്‍ സമയങ്ങളിലാണ് വന്ദേഭാരത് ഓടുന്നത്. അതും 800 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ളതാണ് ഓട്ടം. ഈ വര്‍ഷം ഏറെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും ട്രാക്കിലെത്തും. റെയില്‍വേയില്‍ ഇനി വന്ദേ ശ്രേണിയിലുള്ള ട്രെയിനുകളുടെ കാലമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭൂരിഭാഗം ട്രെയിനുകളും വന്ദേ ശ്രേണിക്ക് കീഴിലായിരിക്കും.
വന്ദേശ്രേണിയില് 2025-26 ല്‍ രാജ്യത്ത് 200 വന്ദേഭാരത്, 50 വന്ദേ സ്ലീപ്പര്‍, 100 അമൃത് ഭാരത് വണ്ടികള്‍ പുറത്തിറങ്ങും. അതോടൊപ്പം 300 കിലോമീറ്റര്‍ ദൂരത്തിലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോകളും സര്‍വീസ് ആരംഭിച്ച് കഴിഞ്ഞു. 2019ന് ശേഷം വന്ദേഭാരത് ട്രെയിനുകള്‍ സാങ്കേതികമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നത് മാത്രമാണ് നിലവില്‍ എടുത്ത് പറയാവുന്ന പോരായ്മ. എന്നാല്‍ ഈ പ്രശ്നവും പരിഹരിക്കാനുള്ള നീക്കങ്ങള്‍ റെയില്‍വേയുടെ അണിയറയില്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്ജിന് വലിച്ചുകൊണ്ടുപോകുന്ന പഴയ കോച്ചുകള്‍ക്ക് അതിവേഗം മാറ്റമുമുണ്ടാക്കിയ വണ്ടിയാണ് വന്ദേഭാരത്. ലോക്കോമോട്ടീവ് എന്ജിന് ഇല്ലാതെ ട്രാക്ഷന്‍ മോട്ടോറുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇടവിട്ട കോച്ചുകള്‍ക്കടിയില്‍ മോട്ടോര്‍ ഉണ്ട്. മോട്ടോര്‍ (സെല്‍ഫ് പ്രൊപ്പല്ഷനിലൂടെ) യന്ത്രത്തെ ചലിപ്പിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ വേഗം പൂജ്യത്തില്‍നിന്ന് 100 കിലോമീറ്ററില്‍ എത്തും. മണിക്കൂറില്‍ 180 കിലോമീറ്റര്‍വരെ വേഗത്തില്‍ വന്ദേഭാരത് ഓടിക്കാം. വന്ദേശ്രേണിയിലെ എല്ലാ ട്രെയിനുകളും ഈ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.