
ചെന്നൈ: സംവിധായകന് എസ്. ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.എം.എല്‍.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ചെന്നൈ സോണല്‍ ഓഫീസിന്റെ നടപടി. നിര്‍മാതാവുകൂടിയായ ശങ്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. തിങ്കളാഴ്ചയായിരുന്നു നടപടി.
എഗ്മോര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആരൂര്‍ തമിഴ്നാഥന്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് ഇ.ഡി. നടപടി സ്വീകരിച്ചത്. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന് തന്റെ കഥയുടെ മോഷണമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. 2011 മേയിലാണ് പരാതി നല്‍കിയത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കായി ശങ്കറിന് 11.5 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇ.ഡി. അറിയിച്ചു. പരാതിക്കാരന് എഴുതിയ ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ വ്യക്തമായി.
1957-ലെ പകര്‍പ്പവകാശ നിയമത്തിന്റെ 63-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ശങ്കര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് പി.എം.എല്‍.എ. പ്രകാരം ഷെഡ്യൂള്‍ഡ് ഒഫന്‍സിന് കീഴില്‍ വരുന്നതാണ്. ഇതേത്തുടര്‍ന്നാണ് ഇ.ഡിയുടെ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]