
സ്വന്തം ലേഖകൻ
കൊച്ചി: കപ്പൽ ജീവനക്കാരനായ കൊച്ചി സ്വദേശിയെ ഹോങ് കോങ്ങിൽ കാണാതായി. നാലുദിവസമായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഷിപ്പിങ് കമ്പനിക്കോ കുടുംബാംഗങ്ങൾക്കോ ലഭിച്ചിട്ടില്ല. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പിൽ വീട്ടിൽ ജിജോ അഗസ്റ്റിനെയാണ് (26) ഹോങ് കോങ്ങിൽ കാണാതായതായി അമ്മ ഷേർളി ജേക്കബ്ബിന് ഷിപ്പിങ് കമ്പനിയിൽനിന്ന് സന്ദേശം ലഭിച്ചത്.
തായ്ലാൻഡിൽനിന്ന് ഹോങ് കോങ്ങിലേക്കു പോയ കെസ്ട്രൽ കമ്പനിയുടെ കണ്ടെയ്നർ കപ്പലിലെ ജീവനക്കാരനാണ് ജിജോ അഗസ്റ്റിൻ. മുംബൈയിലെ എക്സ്-ടി ഷിപ്പിങ് കമ്പനിയിലാണ് കപ്പലിലെ വൈപ്പർ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി മുതൽ ഈ ഏജൻസിക്ക് കീഴിലായിരുന്നു ജിജോ.
മേയ് 12-നാണ് അമ്മ ഷേർളിയെ ജിജോ അവസാനം വിളിച്ചത്. പിന്നീട് 14-നാണ് മുംബൈ എക്സ്-ടി ഷിപ്പിങ്ങിൽനിന്ന് ക്യാപ്റ്റൻ അനിൽ സൂദ് എന്ന് പരിചയപ്പെടുത്തിയ ആൾ ജിജോയെ കാണാനില്ലെന്ന വിവരം ഷേർളിയെ അറിയിച്ചത്. ജിജോയുടെ അച്ഛൻ 24 വർഷം മുന്നേ മരിച്ച ശേഷം കൂലിവേലയെടുത്താണ് ഷേർളി മകനെ പഠിപ്പിച്ചത്. മകനെ കാണാനില്ലെന്നറിഞ്ഞതോടെ മാനസികമായി തളർന്ന അവസ്ഥയിലാണ് ഷേർളി.
കപ്പൽ ജോലിക്കിടെ ഉത്തരേന്ത്യക്കാരായ മൂന്നുപേർ സ്ഥിരമായി കളിയാക്കിയിരുന്നുവെന്നും ഇതിന്റെ പേരിൽ ചില പ്രശ്നങ്ങളുണ്ടായെന്നും ഷേർളിയോട് നേരത്തേ ജിജോ പറഞ്ഞിരുന്നു. ഈ മൂന്നു പേരെ കമ്പനി ജോലിയിൽനിന്നു പറഞ്ഞുവിട്ടെന്നും പിന്നീട് തന്റെ ഫോണിലേക്ക് ഒരുപാട് ഭീഷണി കോളുകൾ വന്നിരുന്നതായും ജിജോ അമ്മയോട് പറഞ്ഞിരുന്നു. കപ്പലിൽ ഗുരുതരമായ എന്തോ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഷേർളി സംശയിക്കുന്നത്.
കപ്പൽ കമ്പനിയിൽനിന്ന് വിവരങ്ങൾ ലഭിക്കാതായതോടെ പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ ഷേർളി പരാതി നൽകിയിരുന്നു. ഇതിനു ശേഷം ഹൈബി ഈഡൻ എം.പി.ക്ക് നിവേദനം നൽകി. പിന്നീട് ഷിപ്പിങ് കമ്പനിയിൽനിന്ന് വീണ്ടും അറിയിപ്പു വന്നു. ഹോങ് കോങ്ങിൽ രണ്ടു ദിവസം തിരച്ചിൽ നടത്തിയെന്നും ജിജോയെ കണ്ടെത്താനായില്ലെന്നുമായിരുന്നു സന്ദേശം. കപ്പൽ തീരം വിടുകയാണെന്ന അറിയിപ്പും ഷിപ്പിങ് കമ്പനി നൽകി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]