
അബുദാബി: വിവാഹ സംബന്ധമായ പുതിയ നിയമങ്ങൾ പുറത്തിറക്കി യുഎഇ. ഏപ്രിൽ 15 മുതലാണ് ഇവ പ്രാബല്യത്തിൽ വരുന്നത്. യുഎഇ പൗരന്മാർ അല്ലാത്തവർക്കായും നിയമത്തിൽ വ്യവസ്ഥകളുണ്ട്.
പുതിയ നിയമപ്രകാരം രക്ഷാകർത്താവിന്റെ സമ്മതമില്ലെങ്കിലും സ്ത്രീകൾക്ക് അവരുടെ ഇഷ്ടപ്രകാരമുള്ളയാളെ വിവാഹം കഴിക്കാം. യുഎഇ പൗരയല്ലാത്ത മുസ്ളീം സ്ത്രീകൾക്ക് വിവാഹത്തിനായി രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ല. അവരുടെ സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിനായി രക്ഷകർത്താവ് ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നില്ലെങ്കിലാണ് ഇതിന് സാധിക്കുന്നത്.
18 വയസാണ് വിവാഹം ചെയ്യാനുള്ള നിയമപരമായ പ്രായം. 18 വയസ് പൂർത്തിയായവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും എന്നാൽ രക്ഷിതാവ് നിരസിക്കുകയും ചെയ്യുകയാണെങ്കിൽ ജഡ്ജിന് അപ്പീൽ നൽകാം. പ്രായപൂർത്തിയാകാത്ത വ്യക്തികൾക്ക് രക്ഷിതാവിന്റെ സഹായമില്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും നിയമം അധികാരം നൽകുന്നു.
സ്ത്രീയും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നയാളും തമ്മിലെ പ്രായവ്യത്യാസം 30ന് മേലെ ആണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളൂ.
വിവാഹനിശ്ചയം വിവാഹമായി പരിഗണിക്കില്ല.
വിവാഹം മുടങ്ങുകയാണെങ്കിൽ പുതിയൊരു വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രമേ നേരത്തെ ലഭിച്ച സമ്മാനങ്ങൾ തിരികെ നൽകാവൂ. 25,000 ദിർഹത്തിന് മുകളിലുള്ള എല്ലാ സമ്മാനങ്ങളും തിരികെ ആവശ്യപ്പെടാവുന്നതാണ്.
വിവാഹ കരാറിൽ മറ്റ് തരത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ഭാര്യ ഭർത്താവിനൊപ്പം തന്നെ കഴിയണം.
ഭർത്താവാണ് മാതാപിതാക്കളുടെയും മറ്റ് വിവാഹങ്ങളിൽ നിന്നുള്ള കുട്ടികളുടെയും സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതെങ്കിൽ അവരെയും ഭാര്യയോടൊപ്പം താമസിപ്പിക്കാം. എന്നാൽ ഭാര്യയ്ക്ക് ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.
വീട് വിട്ട് പോകുകയോ ജോലിക്ക് പോകുകയോ ചെയ്യുന്നത് വിവാഹ കർത്തവ്യങ്ങളുടെ ലംഘനമല്ലെന്ന് നിയമം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]