
ബെംഗളൂരു: സിനിമ തുടങ്ങുന്നതിന് മുമ്പ് പരസ്യം കാണിച്ച് തന്റെ വിലപ്പെട്ട 25 മിനിറ്റോളം നഷ്ടപ്പെടുത്തിയെന്ന യുവാവിന്റെ പരാതിയില്‍ പി.വി.ആര്-ഇനോക്സ് തീയേറ്ററിന് ഉപഭോക്തൃ കോടതി 65000 രൂപ പിഴയിട്ടു. ഒരു ലക്ഷം രൂപ വെല്‍ഫെയര്‍ ഫണ്ടിലേക്കും സംഭാവന ചെയ്യണം.
ബെംഗളൂരു സ്വദേശിയായ അഭിഷേകിന്റെ പരാതിയിലാണ് വിധി. 2023 ല്‍ ആണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.05 ന് തുടങ്ങുന്ന സാം ബഹദൂര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിനായിരുന്നു ഇയാള്‍ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ പരസ്യത്തിന് ശേഷം 4.30 ന് ആണ് സിനിമ തുടങ്ങിയത്. ഇത് കാരണം സിനിമയ്ക്ക് ശേഷം താന്‍ പ്ലാന്‍ ചെയ്ത ജോലി സംബന്ധമായ കാര്യങ്ങളൊന്നും നടന്നില്ലെന്നും സമയ നഷ്ടത്തിനൊപ്പം മാനസിക വ്യഥയുണ്ടാക്കിയെന്നുമായിരുന്നു യുവാവിന്റെ പരാതി.
കേസ് പരിഗണിച്ച കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. സമയം പണത്തെ പോലെതന്നെ കണക്കാക്കണമെന്നും ഒരാളുടെ നേട്ടത്തിന് മറ്റുള്ളവരുടെ സമയം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 25-30 മിനിറ്റ് തീയേറ്ററില്‍ തനിക്ക് താത്പര്യമില്ലാത്തത് കാണാന്‍ യുവാവ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല അനാവശ്യ പരസ്യങ്ങള്‍ കാണുകയെന്നത് ടൈറ്റ് ഷെഡ്യൂള്‍ പിന്തുടരുന്ന തിരക്കുള്ള വ്യക്തികള്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചില പൊതുതാത്പര്യ പരസ്യങ്ങള്‍ കാണിക്കാന്‍ തീയേറ്ററുകള്‍ക്ക് നിയപരമായ ബാധ്യതയുണ്ടെന്ന് അധികൃതര്‍ കോടതിയില്‍ വാദിച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. മാത്രമല്ല ഇത്തരം പരസ്യങ്ങളുണ്ടെങ്കില്‍ സിനിമ തുടങ്ങുന്നതിന് മുമ്പോ രണ്ടാംഭാഗം തുടങ്ങുന്നതിന് മുമ്പ് ഇടവേള സമയത്തോ പത്ത് മിനിറ്റില്‍ കൂടുതല്‍ കാണിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
പരാതിക്കാരന്റെ സമയം നഷപ്പെടുത്തിയതിനും നീതിയുക്തമല്ലാത്ത നടപടികള്‍ക്കും 50,000 രൂപയാണ് പിഴ. മാനസിക വ്യഥയുണ്ടാക്കിയതിന് 5000 രൂപയും പതിനായിരം രൂപ മറ്റ് കോടതി ചിലവിനും നല്‍കണം. ഒരുലക്ഷം രൂപ വെല്‍ഫെയര്‍ ഫണ്ടിലേക്കും സംഭാവന ചെയ്യണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15- ന് ആയിരുന്നു കേസില്‍ കോടതി വിധി പറഞ്ഞത്. വിധി പറഞ്ഞ ശേഷം മുപ്പത് ദിവസത്തിനുള്ളില്‍ പണം ഉപഭോക്താവിന് നല്‍കണമെന്നും ഉത്തരവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]