
കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയും വിക്കി കൗശലും പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ഛാവ റിലീസായത്. ബോക്സോഫീസില്‍ ചിത്രം കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയിൽ നടന്മാരുടെ പരിശീലനരംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രംഗങ്ങള്‍ പുറത്തുവിട്ടത്. വീഡിയോയില്‍ ആറുമാസം നീണ്ട തയ്യാറെടുപ്പുകളെ കുറിച്ച് നടന് വിക്കി കൗശല്‍ തുറന്നുപറയുന്നുണ്ട്. കുതിരപ്പുറത്തുനിന്നുള്ള അഭ്യാസങ്ങളും സംഘട്ടനരംഗങ്ങളുമുള്പ്പെടെ നിറഞ്ഞുനിന്ന പരിശീലനകാലയളവ് കഠിനമായിരുന്നുവെന്നാണ് നടന് പറയുന്നത്.
കുതിരപ്പുറത്തുനിന്നുള്ള പരിശീലനം അതികഠിനമായിരുന്നു. അതില്‍ ആയുധങ്ങളുടെ പരിശീലനമടക്കം ഉള്‍പ്പെടിരുന്നു. ഓരോദിവസവും ആറുമുതല്‍ എട്ട് മണിക്കൂര്‍ വരെ പരിശീലനമുണ്ടാകും.- നടന് പറഞ്ഞു.
പരിശീലനത്തിന് ശേഷം വീട്ടിലെത്തുമ്പോള്‍ ഒട്ടുമിക്ക ദിവസങ്ങളിലും ശരീരത്തില്‍ പുതിയ മുറിവുകള്‍ കാണാറുണ്ടെന്നും നടന് കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ഇതിന് മുമ്പ് ഇത്രത്തോളം അച്ചടക്കമുണ്ടായിട്ടില്ല. കഥാപാത്രത്തിനായി തനിക്ക് ശരീരത്തിലെ മസിലുകള്‍ വര്‍ധിപ്പിക്കേണ്ടിയിരുന്നു. ഒരിക്കല്‍ സംവിധായകനായ ലക്ഷ്മണ് നിര്‍മാതാവിനെ വിളിച്ച് തന്റെ ഛാവയെ കണ്ടെത്തിയെന്ന് പറഞ്ഞെന്നും വിക്കി കൗശല്‍ കൂട്ടിച്ചേര്‍ത്തു.
നടന്മാര് തീവ്രമായി പരിശീലനം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സഹനടന്മാരുമൊത്ത് പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്ന വിക്കി കൗശലിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സോഫീസില്‍ ചിത്രം വന്‍ കുതിപ്പ് നടത്തുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14-നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]