
ദുബൈ: യുഎഇയിൽ റസിഡൻഷ്യൽ കെട്ടിടത്തിന്റെ വാടക ഉയർത്തുന്ന കാര്യം 90 ദിവസത്തിന് മുമ്പെങ്കിലും ഉടമകൾ താമസക്കാരെ അറിയിക്കണമെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്. പുതിയ വാടക സൂചികയിൽ വാടക വർധിപ്പിക്കാൻ യോഗ്യത നേടിയ ഉടമകൾക്കാണ് ഇക്കാര്യം ബാധകമാകുക.
കഴിഞ്ഞ മാസമാണ് പുതിയ വാടക സൂചിക ഡിഎൽഡി പുറത്തിറക്കിയത്. താമസ കെട്ടിടങ്ങൾക്കുള്ള സ്റ്റാർ റേറ്റിങ് സംവിധാനം, പഴയതും പുതിയതുമായ വാടകകൾ, കെട്ടിടത്തിന്റെ വിസ്തീർണം എന്നിങ്ങനെ നിരവധി പുതിയ വശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ വാടക സൂചിക പുറത്തിറക്കിയത്.
രാജ്യത്ത് ജനസംഖ്യ വർധിച്ചു വരുന്നതിനാൽ ഭവന വിപണി രംഗത്ത് സുതാര്യത കൊണ്ടു വരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്മെൻറിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സി.ഇ.ഒ മാജിദ് അൽ മർറി പറഞ്ഞു. കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുമ്പ് വീട്ടുടമസ്ഥൻ വാടകക്കാരനെ വാടക വർധന അറിയിച്ചാലും സ്മാർട്ട് വാടക സൂചിക അനുസരിച്ച് മാത്രമേ വർധന സാധ്യമാകൂ.
കെട്ടിട ഉടമ മുൻ സൂചിക പ്രകാരമാണ് വാടക വർധിപ്പിക്കുന്നതെങ്കിലും കരാർ പുതുക്കൽ തീയതിയായിരിക്കും ഏത് സൂചിക പ്രകാരമുള്ള വർധനയാണെന്ന് നിർണയിക്കുന്നത്. 2025ന് മുമ്പ് കരാർ പുതുക്കിയിട്ടുണ്ടെങ്കിൽ മുൻ സൂചികയിലെ നിബന്ധനകളും 2025ലാണ് കരാർ പുതുക്കുന്നതെങ്കിൽ പുതിയ സൂചികയുടെ നിയമങ്ങളും ആയിരിക്കും ബാധകമാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]