
കഴിഞ്ഞ ദിവസമാണ് രശ്മിക മന്ദാനയും വിക്കി കൗശലും പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ഛാവ റിലീസായത്. ബോക്സോഫീസില്‍ ചിത്രം കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ കുതിരപ്പുറത്തെത്തിയ ഒരു ആരാധകന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. നാഗ്പുരിലാണ് സംഭവം. ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷത്തിലാണ് ഇയാൾ കുതിരപ്പുറത്തെത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിയേറ്റര്‍ സ്ക്രീനിന്റെ മുന്നിലായി ഇയാള്‍ കുതിരപ്പുറത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒപ്പമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. സിനിമ കാണാനെത്തിയവരില്‍ ചിലര്‍ ഇതിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഒട്ടുമിക്കവരും ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ കമന്റുകളുമായെത്തി. തനിക്ക് ഒരു ചിപ്സ് പോലും തിയേറ്ററിന്റെ അകത്ത് കൊണ്ടുവരാന്‍ പറ്റുന്നില്ല. അപ്പോഴാണ് ഇയാള്‍ കുതിരയെ കൊണ്ടുവന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. അടുത്ത തവണ സിംഹത്തെ കൊണ്ടുവരൂയെന്ന് മറ്റൊരാള്‍. അതേസമയം ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്. അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 14-നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]