
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന അവകാശവാദവുമായി യുവാവ് നാട്ടിൽ അക്രമം അഴിച്ചുവിട്ടു. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. പ്രദേശത്തെ മൂന്ന് യുവാക്കളെ അകാരണമായി വീട്ടിൽക്കയറി മർദ്ദിക്കുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു.
അനീഷ് എന്ന യുവാവാണ് അക്രമം നടത്തിയത്. ഇയാൾ ക്ഷേത്രത്തിലെ പൂജാരിയെന്നാണ് പറയുന്നത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് രാത്രി പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആറാലുംമൂട് ഗോപൻ സ്വാമിയുടെ ആത്മാവ് തന്റെ ശരീരത്തിൽ കയറിയെന്ന് ഇയാൾ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലും ഇയാൾ അക്രമാസക്തനായി. പൊലീസുമായി പിടിവലിയുണ്ടാവുകയും ചെയ്തു. മർദ്ദനമേറ്റ മൂന്ന് യുവാക്കൾക്കും പരിക്കുണ്ട്. വാഹനങ്ങൾക്കും കേടുപാടുകളുണ്ട്.
അതേസമയം, ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുഖത്തും മൂക്കിലും തലയിലുമടക്കം ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളിൽ സിസ്റ്റും ഹൃദയധമനികളിൽ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. രാസപരിശോധനാഫലം വന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ജനുവരി ഒൻപതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കൾ പറഞ്ഞത്. മരണത്തിൽ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നൽകി. പിന്നാലെ ഹൈക്കോടതിയടക്കം സംഭവത്തിൽ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു.