
ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളിൽ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം, ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങൾ തുറന്നു സംസാരിച്ചത്.
‘കൊവിഡിന് ശേഷം ഏറ്റവും അധികം സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ. എന്റെ ശരീര ഭാഗങ്ങൾ പരാമർശിച്ച് വളരെ മോശം കമന്റുകളും മെസേജുകളും വീഡിയോകളുമാണ് ലഭിച്ചിട്ടുളളത്. സമാധാനത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയായതുകൊണ്ട് ഞാൻ ഇത്രയും കാലം ഒരു പ്രശ്നവും ഉണ്ടാക്കാത്ത കടന്നുപോകുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെയാണ് പ്രതികരിക്കാൻ ആരംഭിച്ചത്. എന്നെ സ്നേഹിക്കുന്ന അച്ഛനും അമ്മയും കുറച്ച് ആളുകളും ഉളളതുകൊണ്ട് മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്.
ഞാൻ നൽകിയ പരാതിക്ക് പൂർണമായ പരിഹാരം ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഞാനെടുത്ത തീരുമാനത്തെ അഭിനന്ദിക്കാൻ സിനിമാരംഗത്ത് നിന്നുതന്നെ ആളുകൾ ഉണ്ടായിരുന്നു. അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒപ്പം നിന്നു. പാർട്ടി ഭേദമന്യേ പ്രവർത്തകരും പിന്തുണച്ചു. എനിക്കുണ്ടായ പ്രശ്നങ്ങൾ സിനിമയിൽ നിന്ന് വന്നതല്ല. ഞാനൊരു സെലിബ്രിറ്റിയാണ്. സമൂഹത്തിൽ നിന്നാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്.
ഡിപ്രഷന്റെ ഗുളിക വരെ കഴിക്കേണ്ട അവസ്ഥ ഉണ്ടായി. പല അഭിമുഖങ്ങളിലും ഞാൻ സന്തോഷവതിയാണ് പ്രശ്നമൊന്നുമില്ലെന്ന് പറയുമ്പോഴും മാനസികമായി ഇതെല്ലാം ബാധിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ച വിഷയം വന്നപ്പോൾ കേസ് കൊടുക്കാനല്ല ഞാൻ ആദ്യം ശ്രമിച്ചത്. ആ പ്രശ്നത്തെ ആദ്യം മനസിലാക്കി അത് വീണ്ടും ഉണ്ടാകാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും അവസ്ഥ സമാനമായിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോട്ട് പോയത്. പൊതുവേദിയിൽ വച്ച് അദ്ദേഹം എന്നെ അപമാനിച്ചു. അപ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ പരിപാടിക്ക് ശേഷം ഞാൻ ബന്ധപ്പെട്ട ആളുകളോട് പരാതിപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞാൻ ഒരുപാട് ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു പക്ഷെ അതായിരിക്കാം എല്ലാ പ്രശ്നങ്ങളുടെയും തുടക്കത്തിന് കാരണം. ആളുകൾ കാണുമ്പോൾ ഞാൻ ചിരിച്ച മുഖമായി നിൽക്കുകയായിരുന്നു. ഞാൻ കൊടുത്തത് ലൈംഗികാധിക്ഷേപ പരാതിയാണ്. പക്ഷെ ചിലർ അത് വസ്ത്രത്തിന്റെ വിഷയമാക്കി മനോഹരമാക്കി ഒതുക്കി തീർത്തു.നല്ല വസ്ത്രം ഇടുന്നവരും പലതും അനുഭവിക്കുന്നുണ്ട്. എനിക്ക് യോജിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിട്ടുളളത്. അതിൽ ഒരു ആത്മപരിശോധനയും നടത്തേണ്ടി വന്നിട്ടില്ല’- ഹണി റോസ് പറഞ്ഞു.