
തൃശൂർ: പട്ടാപ്പകൽ കത്തികാട്ടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് 15 ലക്ഷത്തോളം രൂപ കവർന്ന പ്രതിയെ കണ്ടെത്താൻ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. മോഷ്ടാവ് എത്തിയത് ടിവിഎസ് എൻഡോർഗ് സ്കൂട്ടറിലാണ്. അതിനാൽ ജില്ലയിൽ ഈ സ്കൂട്ടറുള്ളവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിലൂടെ മോഷ്ടാവ് എത്തിയ സ്കൂട്ടർ ആരുടേതാണെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനകം തന്നെ സ്കൂട്ടർ ഉടമകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മോഷ്ടാവ് എത്തിയത് തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടറിൽ തന്നെയാണോ എന്ന് ഒരു വ്യക്തയും വന്നിട്ടില്ല. നട്ടുച്ചയ്ക്ക് തിരക്കേറിയ ജംഗ്ഷനിൽ വെറും കത്തിമാത്രം കാണിച്ച് ഒറ്റയ്ക്ക് കവർച്ച നടത്തിയയാളെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്.
മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് സൂചന. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കടകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും അടക്കം നൂറിലധികം സി.സിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിലൊന്നും സ്കൂട്ടർ നമ്പർ വ്യക്തമാകാത്തത് അന്വേഷണത്തിന് കാര്യമായ പ്രതിബന്ധമുണ്ടാക്കുന്നുണ്ട്. പ്രതിക്ക് സഹായികളുണ്ടെന്നാണ് നിഗമനം. അതിനാൽ അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
ജില്ലാ റൂറൽ എസ്.പി രൂപീകരിച്ച 28 അംഗ സ്ക്വാഡിലെ ഒരുസംഘം തമിഴ്നാട്ടിൽ തെരച്ചിൽ നടത്തുന്നുണ്ട്. മറ്റ് നാലു ടീമുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തുകയാണ്. ജില്ലാ ക്രൈം സ്ക്വാഡ്, ഡിസ്ട്രിക്ട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ എന്നിവയും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
അടുത്തിടെ പരോളിലും മറ്റുമായി ജയിലിൽ നിന്നിറങ്ങിയ കവർച്ചക്കാരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ബാങ്കിലെ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആവശ്യമെങ്കിൽ വീണ്ടും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൊത്തം ദുരൂഹത
മൂന്ന് മിനിറ്റിനുള്ളിൽ കൺമുന്നിൽ നടന്ന കവർച്ച 20 മിനിറ്റോളം വൈകി പൊലീസിനെ അറിയിച്ചതിൽ ദുരൂഹതയുണ്ടോയെന്നാണ് സംശയം. അക്രമി ബാങ്കിൽ നിന്ന് രക്ഷപെട്ടയുടൻ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതിയെ വേഗം വലയിലാക്കാമായിരുന്നെന്നാണ് പൊലീസ് പക്ഷം. 47 ലക്ഷം രൂപ മേശപ്പുറത്ത് ഉണ്ടായിട്ടും കൗണ്ടറിൽ നിന്ന് 15 ലക്ഷം മാത്രം കവർന്നതും സംശയം സൃഷ്ടിക്കുന്നുണ്ട്. പുതിയ നോട്ടിന്റെ സീരിയൽ നമ്പർ വച്ച് പിടികൂടുന്നത് ഒഴിവാക്കാൻ പഴയ നോട്ടുകൾ മാത്രം മോഷ്ടാവ് എടുത്തതാണെന്നും റിപ്പോർട്ടുകളുണ്ട്.