
ദില്ലി: അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ലാൻ്റ് ചെയ്തത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാം വിമാനമാണിത്. 67 പേർ പഞ്ചാബികളാണ് വിമാനത്തിലെ യാത്രക്കാർ. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ വീതവും, ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ് ഗോവ സ്വദേശികളായ ഓരോ പേരും വിമാനത്തിലുണ്ട്. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.
ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വരഹിതമായ നടപടി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനത്തിലും സ്വീകരിച്ചോയെന്നാണ് ഉറ്റുനോക്കുന്നത്. ഫെബ്രുവരി അഞ്ചിനെത്തിയ ആദ്യ വിമാനത്തിലുണ്ടായിരുന്ന 105 പേരെയും കൈയും കാലും ചങ്ങലയിട്ട് ബന്ധിച്ചതിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനും ട്രംപുമായുള്ള കൂടികാഴ്ചയ്ക്കും തൊട്ടുപിന്നാലെയാണ് ഇപ്പോൾ രണ്ടാം വിമാനം ഇന്ത്യയിലെത്തിയത്. ചങ്ങലയിട്ടതിൽ ട്രംപിനെ മോദി പ്രതിഷേധം അറിയിച്ചോയെന്നതിൽ ഇതുവരെ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമൃത്സറിൽ വിമാനം ഇറക്കുന്നതിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് വീണ്ടും രംഗത്ത് വന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]