
ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിച്ച ‘രേഖാചിത്രം’ ഒ.ടി.ടി യിൽ റിലീസിനായി ഒരുങ്ങുന്നു. ബോക്സ് ഓഫീസിൽ 75 കോടി നേടി വൻവിജയം കൊയ്ത ഈ ചിത്രം സോണി ലിവിൽ മാർച്ച് ഏഴ് മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
മലക്കപ്പാറ എന്ന സ്ഥലത്തെ പോലീസ് ഇൻസ്പെക്ടറായ വിവേക് (ആസിഫ് അലി) അന്വേഷിക്കുന്ന ഒരു ആത്മഹത്യ കേസിനെയും അതുവഴി അപ്രതീക്ഷമായി ഒരാളെ കാണാതായ മറ്റൊരു കേസിൽ എത്തിപ്പെടുകയും തെളിവുകൾ പിന്തുടർന്നപ്പോൾ ഒരു സിനിമ ചിത്രീകരണവുമായി ബന്ധമുള്ള സംഭവങ്ങളിലേക്ക് അന്വേഷണം വഴിതിരിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
വിവേക് എന്ന കഥാപാത്രം തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സത്യത്തിന്റെയും വഞ്ചനയുടെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. തിയേറ്ററുകളിൽ ലഭിച്ച വലിയ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഇപ്പോൾ പ്രേക്ഷകർക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാൻ സാധിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ആദ്യമായി കാണുന്നവർക്കും വീണ്ടും കാണുന്നവർക്കും ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും എന്നുള്ളത് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ്, ജഗദീഷ്, സായ് കുമാർ, ഹരിശ്രീ അശോകൻ എന്നിവർ അണിനിരക്കുന്നു. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]