
കൊച്ചി: നിർമാതാക്കളുടെ സംഘടന അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് അയച്ച കത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ. അഞ്ച് ലക്ഷത്തിനുമുകളിൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച വിഷയത്തിൽ സംഘടനയ്ക്ക് കത്തയച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ജനറൽ ബോഡി കൂടിയതിന് ശേഷം മാത്രമേ മറുപടി നൽകാനാകൂ എന്നാണ് അമ്മ നൽകിയ മറുപടി.
‘അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കള്‍ക്ക് ഷൂട്ടിങ് സമയത്ത് 30 ശതമാനം തുക നല്‍കാം. പിന്നീട് ഡബ്ബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിനോടനുബന്ധിച്ചും നല്‍കാമെന്ന് കത്തിൽ വ്യക്തമാക്കി. ഡബ്ബിങ് കഴിയുന്നതോടെ അഭിനേതാക്കൾക്ക് സിനിമയ്ക്ക് മേൽ ഒരു ഹോൾഡ് ഉണ്ടാകില്ല. പ്രൊഡ്യൂസർ തുക നൽകാതെയിരിക്കാം. എന്നാൽ, ഈ ബാക്കി വരുന്ന തുകയുടെ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എൻ.ഒ.സി. നൽകിയാലേ സിനിമ സെൻസർ ചെയ്യാനാകൂ’, ലിസ്റ്റിൻ പറഞ്ഞു.
എന്നാൽ, സംഘടനയിലെ ഭൂരിഭാഗം പേരും അഞ്ച് ലക്ഷത്തിനുമുകളിൽ പ്രതിഫലം വാങ്ങുന്നതിനാൽ കമ്മിറ്റിക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനം പറയാനാകില്ലെന്നാണ് അമ്മയിൽ നിന്ന് ലഭിച്ച മറുപടിയെന്നും ലിസ്റ്റിൻ വ്യക്തമാക്കി. ‘ഒരു ജനറൽ ബോഡി കൂടിയതിന് ശേഷം മറുപടി നൽകാമെന്ന് അവർ പറഞ്ഞു. അവരുടെ ജനറൽ ബോഡി കൂടുന്നത് വരെ ഞങ്ങൾക്ക് കാത്തിരിക്കാൻ പറ്റില്ല. അമ്മ സംഘടനയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വളരെയധികം നല്ല ബന്ധത്തിലാണ് പോകുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് നിർമാതാവ് ജി. സുരേഷ് കുമാർ രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സിനിമാസമരം പ്രഖ്യാപിക്കാൻ സുരേഷ് കുമാർ ആരാണെന്നും വിഷയത്തിൽ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. സമരം സിനിമയ്ക്ക് ഗുണകരമാവില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഉൾപ്പെടെയുള്ള താരങ്ങൾ ഷെയർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സുരേഷ് കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]