
ന്യൂഡല്‍ഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ ഇളവുതേടിയും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് മുഖേനയാണ് രണ്‍വീര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഷോയിലെ വിവാദ പരാമര്‍ശത്തില്‍ രണ്‍വീറിനും മറ്റ് വിധികര്‍ത്താക്കളായിരുന്ന സമയ് റെയ്ന, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് തുടങ്ങിയവര്‍ക്കെതിരേ ഗുവാഹത്തി പോലീസ് സമന്‍സ് അയച്ചതിനാല്‍ അറസ്റ്റ് ഭയന്ന് രണ്‍വീര്‍ മുന്‍കൂര്‍ ജാമ്യവും തേടിയിട്ടുണ്ട്.
ഹര്‍ജിയില്‍ നേരത്തേ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് രണ്‍വീറിന്റെ നിയമസംഘം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുമ്പാകെ പെറ്റീഷന് ഫയല്‍ ചെയ്തെങ്കിലും അടിയന്തരവാദം കേള്‍ക്കല്‍ അനുവദിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. കേസിന് ഒരു തീയതി ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 10-ന് ഗുവാഹത്തി പോലീസ്, ഷോയിലെ അഞ്ച് പ്രമുഖ യൂട്യൂബര്‍മാര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. അശ്ലീലത്തെ പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ കാരണങ്ങള്‍ ചേര്‍ത്തായിരുന്നു എഫ്.ഐ.ആര്. തുടര്‍ന്നാണ് പോലീസ് ഇവര്‍ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനായി സമന്‍സ് അയച്ചത്. വിഷയം അന്വേഷിക്കാനായി മുംബൈയിലേക്ക് അസം പോലീസിന്റെ ഒരു ടീം എത്തിയിരുന്നു. അസം പോലീസ് ടീം വിഷയവുമായി ബന്ധപ്പെട്ട് മുംബൈയിലെ ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു.
പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. അശ്ലീല പരാമര്‍ശം നടത്തിയ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടിവന്നത്. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]