
കൊച്ചി: സിനിമാ സംഘടനയിലെ തർക്കത്തിൽ ആന്റണി പെരുമ്പാവൂരിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജി. സുരേഷ് കുമാറിനെ സമൂഹ മാദ്ധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റെന്ന് അസോസിയേഷൻ. യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
വിഷയത്തിൽ ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് ചർച്ച നടത്താൻ അസോസിയേഷൻ ശ്രമിക്കുന്നുണ്ട്. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സിനിമമേഖലയിലെ പോര് അഭിനേതാക്കളും നിർമാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജോയിൻ സെക്രട്ടറി സന്ദീപ് സേനൻ പറഞ്ഞു. സംഘടനക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനൻ പ്രതികരിച്ചു.
ജൂൺ ഒന്നുമുതൽ ചിത്രീകരണം നിറുത്തിവച്ച് സമരം നടത്താനുള്ള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിൽ അംഗങ്ങളുടെ ഭിന്നത പരസ്യമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇന്നലെയാണ് രംഗത്തെത്തിയത്. മറ്റു സംഘടനകളുടെ സമ്മർദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് കുമാറിനെ ആന്റണി രൂക്ഷമായി വിമർശിച്ചു.
സ്തംഭനസമരം സിനിമയ്ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. തിയേറ്ററുകൾ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാർ കാണിക്കണം. തെറ്റുതിരുത്തിക്കാൻ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നൂറുകോടി ക്ളബ്ബിലെത്തിയ സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. കോടി ക്ളബ്ബുകളിൽ കയറുന്നത് തിയേറ്ററിലെയും മറ്റു വരുമാനങ്ങളും കൂട്ടിച്ചേർത്താണ്. നടൻ സിനിമ നിർമ്മിച്ചാൽ പ്രദർശിപ്പിക്കില്ലെന്ന് സുരേഷ് കുമാർ പറഞ്ഞത് നടപ്പാക്കാവുന്ന കാര്യമല്ല. താൻ നിർമ്മിക്കുന്ന എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ച് സംസാരിച്ചതും ഉചിതമല്ല. കെ.ജി.എഫ് പോലെ ബഹുഭാഷാവിജയം സ്വപ്നം കണ്ടാണ് എമ്പുരാനൊരുക്കുന്നത്. സംവിധായകനുൾപ്പെടെ പിന്നണിപ്രവർത്തകർ രണ്ടുവർഷമായി പ്രവർത്തിക്കുകയാണ്. മോഹൻലാലും സഹകരിക്കുന്നു. അത്തരം സംരംഭത്തെ അസോസിയേഷൻ പിന്തുണയ്ക്കാത്തത് നിരാശയും സങ്കടവും നൽകുന്നു.
ജനുവരിയിലെ കണക്കുപയോഗിച്ച് സിനിമകളെ വിമർശിച്ചതും ശരിയല്ല. ഉയർച്ചതാഴ്ചകളും ജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതലുണ്ട്. ഒരുമാസത്തെ വരവുമാത്രം പറഞ്ഞ് സിനിമാമേഖലയെ വിമർശിച്ചത് ആരോഗ്യകരവും പക്വവുമായ ഇടപെടലല്ലെന്നും ആന്റണി വ്യക്തമാക്കി.