
ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പുതിയ ക്യാപ്ടനായി മദ്ധ്യനിരയിലെ വിശ്വസ്തൻ രജത് പട്ടീദാറിനെ തിരഞ്ഞെടുത്തു. ഇന്നലെ ബംഗളൂരുവിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. കോച്ച് ആൻഡി ഫ്ലവർ രജത് പട്ടീദാറിന് നീല ബ്ലേസറും ചുവന്ന തൊപ്പിയും സമ്മാനിച്ചു. മോ ബോട്ടും ടീമിന്റെ സി.ഇ.ഒ രാജേഷ് മേനോനും ചടങ്ങിൽ സന്നിഹിതരായിരുന്നു. വിരാട് കൊഹ്ലിയെ വീണ്ടും ക്യാപ്ടനാക്കാൻ ആർ.സി.ബി മാനേജ്മെന്റിന് താത്പര്യമുണ്ടായിരുന്നെങ്കെലും അദ്ദേഹം വിസമ്മതിച്ചതിനാലാണ് ചർച്ചകൾ പട്ടീദാറിലേക്കെത്തിയത്. ക്രുനാൽ പാണ്ഡ്യയേയും ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മദ്ധ്യപ്രദേശിനെ കഴിഞ്ഞ വർഷം സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഫൈനലിലേക്ക് നയിച്ചതുൾപ്പെടെയുള്ള പട്ടീദാറിന്റെ നേതൃഗുണങ്ങൾ പരിഗണിക്കപ്പെട്ടു. ഇത്തവണ മെഗാലേലത്തിന് മുമ്പ് 11 കോടി രൂപയ്ക്കാണ് പട്ടീദാറിനെ ആർ.സി.ബി നിലനിറുത്തിയത്. വിരാട് കൊഹ്ലി (21 കോടി),അൺ ക്യാപ്ഡ് പ്ലെയർ യഷ് ദയാൽ (5 കോടി) എന്നിവരേയും ആർ.സി.ബി നിലനിറുത്തിയിരുന്നു.