
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്നു പേര് മരിച്ച സംഭവത്തിൽ നാളെ റിപ്പോര്‍ട്ട് നൽകുമെന്ന് കോഴിക്കോട് എ ഡി എം സി മുഹമ്മദ് റഫീഖ് പറഞ്ഞു. ഉത്സവം നടത്തിപ്പിന് അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. നിബന്ധനകൾ പാലിച്ചിരുന്നോയെന്ന് അന്വേഷിക്കും. റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്നും എഡിഎം അറിയിച്ചു.
എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരിൽ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്ന് വൈകിട്ട് ആറ് മണിയോടൊയിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുളള ദുരന്തം അരങ്ങേറിയത്. ഉത്സവത്തിന്റെ അവസാന ദിവസത്തെ ചടങ്ങുകളുടെ ഭാഗമായുളള വരവിനായി ആനകളെ തിടമ്പേറ്റുമ്പോഴായിരുന്നു അപകടം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. വരവിന് മുന്നോടിയായി കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന് ഗോകുലിനെ കുത്തുകയായിരുന്നു.
കുത്തേറ്റ ഗോകുല്‍ പീതാംബരനു നേരെ തിരഞ്ഞതോടെ ഭഗവതീ ക്ഷേത്രത്തിന് മുന്നിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണു. ഗോകുലിന്റെ കുത്തേറ്റ് ഓഫീസിലേക്ക് പീതാംബരൻ ഇടിച്ചുകയറുകയായിരുന്നു. ക്ഷേത്രം ഓഫീസിന് മുന്നില്‍ എഴുന്നളളത്ത് കാണാനായി ഇരിക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ മുകളിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ വീണതോടെ എഴുന്നേൽക്കാനായില്ല. ഇതോടെ ആനയുടെ ചവിട്ടേറ്റു. എഴുന്നേൽക്കാൻ ശ്രമിച്ചവരെയും ആന തട്ടിയിട്ടു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന് എന്നിവരാണ് മരിച്ചത്.
ഇതിനിടെ, കൊമ്പുകോര്‍ത്തശേഷം തിരിഞ്ഞോടിയ ആനകളുടെ മുന്നിൽ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയയ നിരവധി പേര്‍ക്ക് തിക്കിലും തിരക്കിലുംപെട്ട് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്കോടിയ ആനകളെ പ്രധാന റോഡില്‍ എത്തും മുമ്പ് തന്നെ പാപ്പാന്മാര് തളച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദ്ദേശം നല്കി. സ്ഥലത്ത് പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
നാട്ടാൻ പരിപാലന ചട്ടം ലംഘിച്ചെങ്കിൽ നടപടി
കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് ആനകള്‍ വിരണ്ടോയിയതെന്നാണ് പ്രാഥമിക വിവരമെന്നും പാപ്പാൻമാരുടെയും മറ്റുള്ളവരുടെയും മൊഴി ഉടനെടുക്കുമെന്നും സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. ഉത്സവത്തിന് നാലു ആനകൾക്കാണ് അനുമതി നൽകിയത്. റിപ്പോർട്ട് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ സമർപ്പിക്കും.
മരിച്ച മൂന്നുപേരുടെ പോസ്റ്റ്മോര്‍ട്ടം നാളെ
മരിച്ച മൂന്നുപേരുടെയും പോസ്റ്റ്മോര്‍ട്ടം നാളെ രാവിലെ എട്ടിന് നടക്കുമെന്നും പരിക്കേറ്റവരിൽ 13 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളതെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സജീത് കുമാർ പറഞ്ഞു.
മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് വനംമന്ത്രി
മണക്കുളങ്ങര ആനകളിടഞ്ഞ സംഭവത്തിൽ മരണം മൂന്നായി: 7 പേർ ഗുരുതരാവസ്ഥയിൽ, 22 പേർക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]