
ദില്ലി: ശ്രീലങ്കയിൽ കോടികൾ മുതൽമുടക്കുള്ള രണ്ട് പുനരുപയോഗ കാറ്റാടിപ്പാടങ്ങളുടെ നിർമ്മാണത്തിൽ നിന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് പിന്മാറിയതായി കമ്പനി അറിയിച്ചു. ശ്രീലങ്കയിലെ മാന്നാറിലും പൂനെറിനിലും 484 മെഗാവാട്ട് (മെഗാവാട്ട്) ശേഷിയുള്ള രണ്ട് പുനരുപയോഗ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കുന്നതിനായി അദാനി ഗ്രീൻ എനർജി രണ്ട് വർഷത്തിലേറെയായി സിലോൺ വൈദ്യുതി ബോർഡുമായും (സിഇബി) സർക്കാർ വകുപ്പുകളുമായും നീണ്ട ചർച്ചകൾ നടത്തുകയായിരുന്നു. അതിനിടെയിലാണ് പിന്മാറിയതായി അറിയിച്ചത്. പദ്ധതിക്കെതിരെ പാരിസ്ഥിതിക, അഴിമതി ഉയര്‍ന്നിരുന്നു.
അധികാരത്തിലേറിയാല്‍ പദ്ധതി പുനരാലോചിക്കുമെന്ന് പ്രസിഡന്റ് അനുര ദിസനായകെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്നു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ പരിശോധനക്കായി മന്ത്രിസഭ മറ്റൊരു സമിതിയും പ്രോജക്ട് കമ്മിറ്റിയും രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് പ്രസ്തുത പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നും അദാനി ഗ്രീൻ എനർജി വ്യക്തമാക്കി.
ശ്രീലങ്കയുടെ തെക്കൻ ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനായി അനുബന്ധ ട്രാൻസ്മിഷൻ സംവിധാനവും, 220 കിലോവോൾട്ട് 400 കെവി ട്രാൻസ്മിഷൻ ശൃംഖല വിപുലീകരണവും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. പദ്ധതിക്കായി ഏകദേശം 50 ലക്ഷം ഡോളർ ചെലവഴിച്ചതായി അദാനി ഗ്രീൻ എനർജി പറഞ്ഞു. സിഇബിയുമായും ശ്രീലങ്കൻ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും തങ്ങളുടെ എക്സിക്യൂട്ടീവുകൾ ചർച്ചകൾ നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു.
അദാനി ഗ്രൂപ്പിനെ പങ്കാളിയാക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചാൽ എപ്പോഴും തയ്യാറാണെന്നും കമ്പനി അറിയിച്ചു. മാന്നാർ പട്ടണത്തിലും പൂനെറിൻ ഗ്രാമത്തിലുമായി 484 മെഗാവാട്ട് കാറ്റാടി വൈദ്യുത നിലയങ്ങൾ വികസിപ്പിക്കുന്നതിനായി 442 മില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുമുള്ള അംഗീകാരം 2023 ഫെബ്രുവരിയിലാണ് അദാനി ഗ്രീൻ എനർജി നേടിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന ഊർജ കമ്പനികളിൽ ഒന്നാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL). നിലവിൽ 20,434 MW പദ്ധതികളാണ് കമ്പനിക്കുള്ളത്. യൂട്ടിലിറ്റി-സ്കെയിൽ ഗ്രിഡ്-ബന്ധിത സോളാർ, കാറ്റാടിപ്പാട പദ്ധതികൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ പിന്തുണയുള്ള കോർപ്പറേഷനുകൾക്കും വിതരണം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]