
ന്യൂഡൽഹി: ബിസിനസുകാരനെ 16 ദിവസം ഹോട്ടലിലിരുത്തി ഡിജിറ്റൽ അറസ്റ്റിന് വിധേയമാക്കി പണം തട്ടിയെന്ന് പരാതി. കള്ളപ്പണ ഇടപാടുകളും മറ്റ് നിയമവിരുദ്ധ പ്രവൃത്തികളിലും ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ഇതെല്ലാം. മൊഴിയെടുപ്പ് എന്ന് പറഞ്ഞ് ദിവസവും 30 ചോദ്യങ്ങൾക്ക് വീതം ഉത്തരമെഴുതി വാങ്ങുകയും ചെയ്തു. എന്നാൽ കാര്യം മനസിലായത് ഒരു കോടിയിലധികം രൂപ നഷ്ടമായ ശേഷവും.
ദക്ഷിണ ദില്ലി സ്വദേശിയായ പ്രവീൺ എന്നയാളാണ് താൻ ഇരയായ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. കോയമ്പത്തൂരിലും പ്രവീണിന് ഒരു സ്ഥാപനമുണ്ട്. ഡിസംബർ 23 മുതൽ ജനുവരി എട്ടാം തീയ്യതി വരെ ഇവിടെയായിരുന്നു. ഈ സമയം വാട്സ്ആപിൽ രണ്ട് നമ്പറുകളിൽ നിന്ന് കോൾ വന്നു. സൈബർ ക്രൈം പൊലീസിന്റെയും സിബിഐയുടെയും ലോഗോകളാണ് വിളിച്ച നമ്പറുകളിൽ ഉണ്ടായിരുന്നത്. ഒരാൾ സിബിഐ ഉദ്യോഗസ്ഥനായ ഐപിഎസുകാരൻ വിജയ കുമാർ ആണെന്നും രണ്ടാമൻ സൈബർ ക്രൈം പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ശിവ് കുമാർ ആണെന്നും അറിയിച്ചു.
കള്ളപ്പണ ഇടപാടുകളിൽ പ്രവീണിന്റെ നമ്പർ ഉപയോഗിച്ചിട്ടുണ്ടെന്നും തന്റെ ആധാർ നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും അറിയിച്ചു. ഇതിലൂടെ 6.68 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇവ മനുഷ്യക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു. എല്ലാം കൂടി കേട്ട് പരിഭ്രാന്തനായ പ്രവീണിനോട് താങ്കൾ നിരപരാധിയാണെങ്കിൽ അന്വേഷണവുമായി സഹകരിക്കണമെന്ന് അറിയിച്ചു. കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടാൽ വിട്ടയക്കുമെന്നും പറഞ്ഞു.
പിന്നീട് പ്രവീണിനെതിരെ നിരവധി തെളിവുകളുണ്ടെന്ന തരത്തിൽ സംസാരിച്ചു. ഇതൊക്കെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മൊഴി രേഖപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിച്ച് നിരീക്ഷണത്തിലായിരിക്കുമെന്നായിരുന്നു അറിയിപ്പ്. വീഡിയോ കോളും മൊബൈൽ ഫോൺ സ്ക്രീൻ ഷെയറിങും വഴി ദിവസവും 30 ചോദ്യങ്ങൾക്ക് വീതം ഉത്തരം എഴുതിപ്പിച്ചു.
എല്ലാത്തിനും ഒടുവിൽ 1.11 കോടി രൂപ പല അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് വാങ്ങി. ഇത് ജാമ്യത്തിനുള്ള സെക്യൂരിറ്റി ബോണ്ടാണെന്നും രണ്ട് ദിവസത്തിനകം പണം തിരികെ ലഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ പണം കൊടുത്ത് കഴിഞ്ഞതോടെ പിന്നീട് ഇവരുമായി ബന്ധമൊന്നുമില്ലാതായി. ഇതോടെയാണ് എല്ലാം തട്ടിപ്പായിരുന്നെന്ന് മനസിലായത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]