
ന്യൂയോര്‍ക്ക്: അമേരിക്കൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ ബ്ലെയര്‍ ഹൗസിൽ വെച്ചാണ് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും തമ്മിൽ ചര്‍ച്ച ചെയ്തു.
സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാൻഡ് സേവനമടക്കം ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇലോണ്‍ മസ്കുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി ബ്ലെയര്‍ ഹൗസിൽ വെച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം, ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ ആയുധ വ്യാപാരം മുഖ്യ വിഷയമാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ സൈനിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഈ വർഷം തന്നെ നടപ്പിലാക്കാനും ധാരണയുണ്ട്.രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തിയത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്മള വരവേൽപ്പായിരുന്നു ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനുനേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]