![](https://newskerala.net/wp-content/uploads/2025/02/aashiq-1024x576.jpg)
മലപ്പുറം: സ്വിച്ച് ഇട്ടാല്‍ ആദ്യം ഒരു ഇരമ്പലാണ് വരിക. പതുക്കെ വാല്‍വ് ചൂടായി വരണം. പിന്നെ റേഡിയോ പാടാനും പറയാനും തുടങ്ങും. 1940-ല്‍ ബ്രിട്ടനില്‍ പുറത്തിറക്കിയ മുള്ളാഡ് വാല്‍വ് റേഡിയോയാണ് താരം..
വാഴക്കാട് ചേറുവായൂര് സ്വദേശി ആഷിഖിന്റെ പക്കല്‍ ഇത്തരം ഘനഗംഭീരന്മാരായ റേഡിയോകളുടെ ഒരു നിരതന്നെയുണ്ട്. 450-ലേറെ ഇനം റേഡിയോകളുടെ അപൂര്‍വശേഖരം. അതില്‍ കൈയിലൊതുങ്ങുന്ന കുഞ്ഞന്‍ റേഡിയോകള്‍ ഒട്ടേറെ.
ഖത്തറില്‍ ഇലക്ട്രീഷ്യനായ ചക്കാലത്തൊടി ആഷിഖിന് സ്കൂള്‍കാലത്ത് നാണയങ്ങളും സ്റ്റാമ്പും പുരാവസ്തുക്കളും ശേഖരിക്കുന്നതിലായിരുന്നു കമ്പം. വീട്ടില്‍ സ്ഥിരമായി റേഡിയോ കേട്ടിരുന്ന മാതാവില്‍നിന്ന് റേഡിയോക്കമ്പം കയറി. 2016-മുതല്‍ ‘മാര്ക്കോണിപ്പെട്ടി’യുടെ പിന്നാലെക്കൂടി. രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലടക്കം സഞ്ചരിച്ച് ചെറുതും വലുതുമായ റേഡിയോകള്‍ ശേഖരിച്ചുകൂട്ടി.
4,000 രൂപ നല്കി ഗുജറാത്തില്‍നിന്ന് വാങ്ങിയ ബ്രിട്ടീഷ് നിര്‍മിത മര്‍ഫി വാല്‍വ് റോഡിയോ ആണ് ആദ്യം കൈയിലെത്തിയത്. ഇറാന്, ഇന്‍ഡൊനീഷ്യ, ഹോങ്കോങ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുടെയും 1950-കളില്‍ കാറുകളില്‍ ഉപയോഗിച്ചിരുന്നവയും ഇക്കൂട്ടത്തിലുണ്ട്. 1957-ലെ ജര്‍മന്‍നിര്‍മിത ബ്ലൂ പങ്കിറ്റ് എഫ്.എം. വാല്‍വ് റോഡിയോ, ഗ്രെന്സ്റ്റിക് എഫ്.എം. വാല്‍വ് റേഡിയോ, ഇന്ത്യയുടെ ടെലറാഡ് വാല്‍വ് റേഡിയോ, കെല്‍ട്രോണിന്റെ കമല്‍, കല്പക, കിരണ്‍, ക്രാന്തി റേഡിയോകളും ശേഖരത്തില്‍പ്പെടും.
സോണി, സാനിയോ, എച്ച്.എം.വി., നാഷണല്‍, പാനസോണിക്, തോഷിബ, ബുഷ് തുടങ്ങിയ കമ്പനികളുടെ പഴയകാല റേഡിയോകളും ഈ 34-കാരന് നിധിപോലെ സൂക്ഷിക്കുന്നു.
പുതിയ റേഡിയോകളെക്കുറിച്ചറിയുമ്പോള് അവയെ തേടിയിറങ്ങും. ആഷിഖിന്റെ ഖത്തറിലെ താമസസ്ഥലത്തുമുണ്ട് പത്തിലധികം റേഡിയോകള്‍. ഇവയെക്കുറിച്ചുള്ള സംശയനിവാരണത്തിനും മോഡല്‍ മനസ്സിലാക്കാനും ആളുകള്‍ ബന്ധപ്പെടാറുണ്ടെന്ന് ആഷിഖ് പറഞ്ഞു.
ഭാര്യാപിതാവ് റിട്ട. അധ്യാപകന് അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലെ വീട്ടിലാണ് റേഡിയോകള്‍ സൂക്ഷിക്കുന്നത്. പരേതരായ കോയക്കുട്ടി-ഫാത്തിമ ദമ്പതിമാരുടെ മകനാണ് ആഷിഖ്. ഭാര്യ ഷാദിയ ജസ്ബിന്. മകള്‍ രണ്ടുവയസ്സുകാരി എസ്വിന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]