പുത്തന്‍ സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിനിടയിലും വാര്‍ത്തകള്‍ അറിയാനും പാട്ടുകേള്‍ക്കാനും പരപ്പനങ്ങാടി ചെട്ടിപ്പടി മൊടുവിങ്ങല്‍ അച്ചംവീട്ടില്‍ അയ്യപ്പന് എന്ന അപ്പുക്കുട്ടന് പഴയ ആ പാട്ടുപെട്ടി തന്നെ വേണം. വീട്ടില്‍ വൈദ്യുതി ഇല്ലാത്ത കാലത്ത് മൂന്ന് സെല്‍ ബാറ്ററിയിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന റേഡിയോയുമായുള്ള അപ്പുക്കുട്ടന്റെ ചങ്ങാത്തം തൊണ്ണൂറ്റിആറാം വയസ്സിലും തുടരുന്നുണ്ട്.
1984-ല്‍ കോഴിക്കോട്ടു നിന്നും വാങ്ങിയതാണ് ഫിലിപ്സിന്റെ ഈ റേഡിയോ. പുതുതായി നിരവധി എഫ്.എം. ചാനലുകള്‍ മുഴുവന്‍ സമയ പ്രക്ഷേപണം തുടങ്ങിയെങ്കിലും കോഴിക്കോട് ആകാശവാണിയോടാണ് അപ്പുക്കുട്ടന് ഇന്നും പ്രിയം. ചെട്ടിപ്പടി, വള്ളിക്കുന്ന് ഭാഗങ്ങളിലെ പേരുകേട്ട പഴയ കല്‍പ്പണിക്കാരനായ അപ്പുക്കുട്ടന് രാവിലെ പ്രഭാതവന്ദനം മുതല്‍ രാത്രി എട്ടു വരെ കോഴിക്കോട് ആകാശവാണിയില്‍ നിന്നുള്ള വാര്‍ത്തകളും പാട്ടുകളുമായുളള ശബ്ദവീചികള്ക്ക് കാതോര്‍ത്തിരിക്കും.
വൈദ്യുതിയും ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളുമൊക്കെയായെങ്കിലും അപ്പുക്കുട്ടന് ഇപ്പോഴും കൊണ്ടുനടക്കാന്‍ ഈ റേഡിയോതന്നെ വേണം. വാര്‍ധക്യത്തിന്റെ അവശതയില്‍ ഊണിലും ഉറക്കത്തിലും റേഡിയോയിലെ ശബ്ദങ്ങളാണ് അപ്പുക്കുട്ടന് നേരംപോക്ക്.
ഇളയമകന് ബാലകൃഷ്ണനോടൊപ്പമാണ് അപ്പുക്കുട്ടന് താമസിക്കുന്നത്. ഒളിമങ്ങാത്ത പഴയകാല സംഭവങ്ങളെല്ലാം റേഡിയോയില്‍ നിന്നാണ് കേട്ടറിഞ്ഞതെന്നും ഈ പാട്ടുപെട്ടിയുടെ പാട്ടുംപറച്ചിലുമില്ലെങ്കില് ജീവിതം വിരസമാണെന്നും അപ്പുക്കുട്ടന് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]