![](https://newskerala.net/wp-content/uploads/2025/02/gg.1739410499.jpg)
വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്ക് തലവനായുള്ള സർക്കാർ കമ്മിഷനായ ഡോഷിന് ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) കൂടുതൽ അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന നടപടിക്രമങ്ങൾക്ക് നാല് വയസുകാരനായ മകൻ എക്സിനൊപ്പം മസ്കും സാക്ഷിയായി.വൻ തോതിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഫെഡറൽ വർക്ക് ഫോഴ്സ് കുറയ്ക്കാൻ ഡോഷിന് അധികാരം നൽകുന്നതാണ് ഉത്തരവ്. ഫെഡറൽ ഏജൻസികൾ ജീവനക്കാരുടെ എണ്ണവും നിയമനങ്ങളും കുറയ്ക്കണമെന്നും ഡോഷുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ഫെഡറൽ ഏജൻസികളിൽ മസ്കിന്റെ കൈകടത്തൽ ശക്തമാകുന്നെന്ന ആരോപണങ്ങൾക്കിടെയാണ് ട്രംപിന്റെ ഉത്തരവ്.