![](https://newskerala.net/wp-content/uploads/2025/02/modi-macron_1200x630xt-1024x538.png)
ദില്ലി: ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാൻസിൻറെ സഹായത്തോടെ കൂടുതൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ഫ്രാൻസിൽ നിന്ന് കൂടുതൽ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങും. മാർസെയിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് മോദിയും ഇമ്മാനുവേൽ മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.
മാർസെയിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനും ഇന്ത്യൻ വംശജർ വൻ സ്വീകരണമാണ് നല്കിയത്. ഇന്നലെ പാരീസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് രണ്ടു നേതാക്കളും മാർസെയിലെത്തിയത്. ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ ഫ്രാൻസ് ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ധാരണയിലെത്തി. ഫ്രാൻസിൽ നിന്ന് ചെറിയ ആണവ റിയാക്ടറുകളും. ആധുനിക റിയാക്ടറുകളും ഇന്ത്യ വാങ്ങും. മഹാരാഷ്ട്രയിലെ ജയ്താപൂരിൽ ഫ്രാൻസ് സ്ഥാപിക്കുന്ന ആണവ റിയാക്ടറുകൾക്ക് പുറമെയാണിത്.
ജെറ്റ് എഞ്ചീനുകൾ, ഹെലികോപ്റ്റർ എഞ്ചിനുകൾ, മിസൈലുകൾ എന്നിവ ഫ്രാൻസിൽ നിന്ന് വാങ്ങാനും ധാരണയായി. ഇന്ത്യയിലെ പിനാക റോക്കറ്റ് ലോഞ്ചർ സംവിധാനം വാങ്ങുന്നത് പരിശോധിക്കാൻ ഫ്രഞ്ച് സംഘത്തെ അയക്കാമെന്ന് മക്രോൺ സമ്മതിച്ചു. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഉറച്ചു നില്ക്കും. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങിയ സാഹചര്യത്തിൽ ഈ പ്രഖ്യാപനം ശ്രദ്ധേയമായി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചു മണിക്കാണ് മോദി വാഷിംഗ്ടണിലേക്ക് തിരിച്ചത്. വൈറ്റ് ഹൗസിന് എതിർവശത്തുള്ള പ്രസിഡൻറ്ഷ്യൽ ഗസ്റ്റ് ഹൗസായ ബ്ളെയർ ഹൗസിലാകും മോദി തങ്ങുക. ഇന്ത്യക്കാരെ ചങ്ങലയിട്ട് നാടുകടത്തിയത് വൻ വിവാദമായിരിക്കെ മോദി ട്രംപ് ഉച്ചകോടിയിൽ ഇക്കാര്യം എങ്ങനെ ഉയർന്നുവരും എന്നാണ് അറിയേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]