![](https://newskerala.net/wp-content/uploads/2025/02/1739352017_new-project-3-_1200x630xt-1024x538.jpg)
ലോകത്തിൽ ഇന്നുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലകൂടിയ പശു ഏതാണെന്ന് അറിയാമോ? ഇന്ത്യൻ വംശജയായ വിയറ്റിന 19 എന്ന പശുവാണ് ഇത്. 2024 വരെ ലോകത്തിൽ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലകൂടിയ കന്നുകാലി എന്ന ലോക റെക്കോർഡിന് ഉടമയാണ് വിയറ്റിന 19. ഇനി ഈ പശുവിന്റെ വില എത്രയാണെന്ന് അറിയണ്ടേ?
53 മാസം പ്രായമായ നെല്ലൂർ ഇനത്തിൽപ്പെട്ട പശുവിനെ 40 കോടി രൂപയ്ക്കാണ് ബ്രസീലിലെ മിനാസ് ഗെറൈസിൽ ലേലം ചെയ്തത്. ഏകദേശം 1,101 കിലോഗ്രാം ഭാരമുള്ള, വിയറ്റിന 19 കന്നുകാലികളുടെ ലോകത്തെ വിഐപിയാണ്. ഈ ഇനത്തിൽപ്പെട്ട പശുക്കളുടെ ശരാശരി ഭാരത്തിൻറെ ഇരട്ടി ഭാരമാണ് വിയറ്റിന 19 -ന് ഉള്ളത്.
വലിപ്പം കൊണ്ട് മാത്രമല്ല വിയറ്റിന 19 ശ്രദ്ധേയമാവുന്നത്. ഒരു സൗന്ദര്യ റാണി കൂടിയാണ് അവൾ. ടെക്സാസിൽ നടന്ന ‘ചാമ്പ്യൻ ഓഫ് ദ വേൾഡ്’ മത്സരത്തിൽ ‘മിസ് സൗത്ത് അമേരിക്ക’ പട്ടം നേടിയത് വിയറ്റിന 19 ആയിരുന്നു. മിസ്സ് യൂണിവേഴ്സ് രീതിയിൽ കന്നുകാലികൾക്കായി നടത്തുന്ന ഒരു മത്സരമാണ് ‘ചാമ്പ്യൻ ഓഫ് ദ വേൾഡ്’.
ഇന്ത്യയിൽ നിന്നുള്ള നെല്ലൂർ ഇനത്തിന് ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും രോഗങ്ങളെ പ്രതിരോധിക്കാനും ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ബ്രീഡിംഗ് പ്രോഗ്രാമുകളിൽ വിയറ്റിന 19 -ന് ഇഷ്ടം പോലെ ആവശ്യക്കാരുമുണ്ട്. “ഉടമസ്ഥർ സ്വപ്നം കാണുന്ന എല്ലാ സ്വഭാവസവിശേഷതകളുമുള്ള ഒരു സമ്പൂർണ്ണ പശുവാണ് വിയറ്റിന 19” എന്നാണ് വെറ്ററിനറി ഡോക്ടർ ലോറനി മാട്രിൻസ് അഭിപ്രായപ്പെടുന്നത്.
നെല്ലൂർ ഇനത്തിൽപ്പെട്ട കന്നുകാലികൾ ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് ഇപ്പോൾ ബ്രസീലിലാണ്. നൂറ്റാണ്ടുകൾക്കു മുൻപ് ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതാണ് ഈ ഇനത്തെ. അമേരിക്കയിലെ കാർഷിക വകുപ്പിൻ്റെ കണക്കനുസരിച്ച്, 230 ദശലക്ഷം പശുക്കളുള്ള ബ്രസീലിലെ കന്നുകാലി വ്യവസായത്തിൻ്റെ മൂലക്കല്ലാണ് നെല്ലൂർ ഇനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]