![](https://newskerala.net/wp-content/uploads/2025/02/raam-naath-1024x576.jpg)
മലയാളം ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിലേക്ക് അനായാസേന കടന്നുചെന്ന പാട്ടാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിലെ ‘ചാരുശീലേ’. വൈക്കം സ്വദേശിയായ രാംനാഥ് എന്നയുവ സംഗീതസംവിധായകനാണ് ഗ്രാമീണതയും പ്രണയവും ഇമ്പമാര്‍ന്ന ഈണവും ഇഴചേര്‍ന്ന ആ ഗാനമൊരുക്കിയത്. മലയാളമടക്കം ആറ് ഭാഷകളില്‍ സംഗീതം സംവിധാനം നിര്‍വഹിച്ചിട്ടുള്ള രാംനാഥ് തന്റെ സംഗീതയാത്രയെ കുറിച്ച് സംസാരിക്കുന്നു;
നാടായ വൈക്കത്ത് നിന്നും തുടങ്ങിയ സംഗീതയാത്ര
കോട്ടയത്തെ വൈക്കത്താണ് എന്റെ വീട്. നാടിന്റെ സംഗീതപാരമ്പര്യവും സംസ്കാരവുമെല്ലാം എന്നിലെ സംഗീതജ്ഞനെ വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സംഗീതം ഒരുപാട് ഇഷ്ടമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. വീട്ടിലെല്ലാവര്ക്കം പാട്ട് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. എപ്പോഴും പാട്ട് കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ പഴയ ഹിന്ദി ഗാനങ്ങളും സിനിമാ പാട്ടുകളുമൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടെല്ലാമാവാം എനിക്കും സംഗീതത്തോട് ഒരു താല്പര്യവും ചായ്വുമെല്ലാം ഉണ്ടായിവന്നത്.
എന്റെ ഏട്ടന് പാട്ട് പഠിച്ചിരുന്നു. പിന്നീട് ഞാനും അതിനുള്ള ശ്രമം നടത്തി. പാട്ട് പഠിച്ച് തുടങ്ങിയെങ്കിലും അതിനിടയ്ക്ക് ചില ഇടവേളകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഏട്ടന്റെ പാട്ട് പരീശീലനവും വീട്ടിലെ പാട്ട് കേള്‍ക്കലുമെല്ലാം കാരണം സംഗീതവുമായുള്ള ബന്ധം ഒരിക്കലും വേര്പ്പെട്ടുപോയിരുന്നില്ല. ചെറുപ്പത്തില്‍ പാട്ടില്ലാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിക്കാണില്ല. എന്നാല്‍ മ്യൂസിക് ഒരു കരിയറായി എടുക്കണമെന്നൊന്നും അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെയൊരു ആലോചന വന്നത് പോസ്റ്റ്ഗ്രാജുവേഷന് ചെയ്യുമ്പോഴാണ്. പാലക്കാട്ടെ ചിറ്റൂര്‍ ഗവ. കോളേജില്‍ മ്യൂസിക്കിലാണ് ഞാന്‍ പിജി ചെയ്തത്. സംഗീതമാണെന്റെ വഴി എന്ന ആലോചന ശക്തിപ്പെട്ടെങ്കിലും എന്താണ് ചെയ്യേണ്ടത് എന്നതിനേ കുറിച്ച് വ്യക്തമായ ധാരണയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ആ ആഗ്രഹം വന്നപ്പോള്‍ തന്നെ സംഗീതത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു.
അന്നുവരെ ഇന്ത്യന്‍ ക്ലാസിക് അല്ലെങ്കില്‍ കര്‍ണാടിക് ക്ലാസിക് എന്നിങ്ങനെ ഒരു പ്രത്യേക ചട്ടക്കൂടില്‍നിന്നാണ് ഞാന്‍ സംഗീതത്തെ കണ്ടിരുന്നത്. മ്യൂസിക് കരിയറാക്കാനുള്ള ചിന്ത തുടങ്ങിയപ്പോള്‍ പിന്നെ പാട്ടിലെ കൂടുതല്‍ ജോണറുകള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ തുടങ്ങി. മ്യൂസിക് തിയറി, ശബ്ദത്തിന് സംഗീതത്തിലുള്ള പ്രാധാന്യം, ആളുകളില്‍ സംഗീതമുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ ഇവയെ കുറിച്ചെല്ലാം മനസ്സിലാക്കാനുള്ള ഒരാഗ്രഹമൊക്കെ പിന്നീട് തോന്നിത്തുടങ്ങി.
അങ്ങനെ കൊച്ചിന് മീഡിയ സ്കൂളില്‍ ചേര്‍ന്ന് ഓഡിയോ എന്‍ജിനീയറിങ് കോഴ്സ് ചെയ്തു. ആ സമയത്താണ് സംവിധായകനായ ജിഷ്ണുവിനെ പരിചയപ്പെട്ടത്. മ്യൂസിക്കിനെ പറ്റി സംസാരിക്കുമ്പോള്‍ ആവേശഭരിതനായാണ് ഞാന്‍ സംസാരിക്കുക. അക്കാര്യം ജിഷ്ണു പറഞ്ഞപ്പോഴാണ് ഞാനും തിരിച്ചറിഞ്ഞത്. അങ്ങനെ ഒരു ദിവസം നമുക്കൊരു ആല്‍ബം ചെയ്യാമെന്ന് ജിഷ്ണു എന്നോട് പറഞ്ഞു. പതിനൊന്ന് വര്‍ഷം മുമ്പാണത്.
അങ്ങനെ ജിഷ്ണു പ്രൊഡ്യൂസറായി ‘എക്സ്പീരിയന്‍സ് ദ ഫീല്‍ ഓഫ് ഇന്ത്യ’ എന്ന ഫ്യൂഷന്‍ ആല്‍ബം ചെയ്തു. ഇന്ത്യയിലെ ഏഴ് വിവിധ മ്യൂസിക് ഫോമുകളെ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കുമായി കൂട്ടിച്ചേര്‍ത്താണ് ആ ആല്‍ബം ചെയ്തത്. ശങ്കര്‍ മഹാദേവന്, നരേഷ് അയ്യര്‍, ചിന്മയി, ഹരിഹരന്, ഹരിണി, രൂപ, ശ്രീറാം, എന്നിവരെല്ലാം ആ ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. ആ വര്‍ക്കിന് അത്യാവശ്യം റീച്ച് കിട്ടി. ആദ്യമായി ഞാന്‍ ഒരു പാട്ട് കംപോസ് ചെയ്തത് ശങ്കര്‍ മഹാദേവന് സാറിനുവേണ്ടിയാണ്.
ഒരു മ്യൂസിക് കംപോസറായി എന്നെ തന്നെ അംഗീകരിക്കാനുള്ള ഒരു ആത്മവിശ്വാസം എനിക്ക് കിട്ടിയത് അങ്ങനെയാണ്. ഇതായിരിക്കാം എന്റെ വഴി എന്നൊക്കെ തീരുമാനിച്ച് തുടങ്ങി. പിന്നീട് ജിഷ്ണുവുമൊത്ത് പരസ്യചിത്രങ്ങള്‍ ചെയ്തു. കുറേ സ്വതന്ത്ര മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്തു. സംഗീതം കുറേക്കൂടി പഠിക്കാനായി ചെന്നൈയിലെ ചില വിദഗ്ധന്മാരെ കണ്ട് വ്യക്തിഗത ക്ലാസുകളില്‍ പങ്കെടുത്തു. ചിന്മയി, ഹരിഹരന് സാറിന്റെയെല്ലാം ഒപ്പം പിന്നേയും ആല്‍ബങ്ങള്‍ ചെയ്തു.
‘അന്യ’ എന്ന ഹിന്ദി-മറാഠി ദ്വിഭാഷ ചിത്രത്തിന്റെ സംഗീതം ചെയ്യാന്‍ അവസരം കിട്ടി. 2020-ലാണ് അതിന്റെ റെക്കോര്‍ഡിങ് നടന്നത്. ആ പാട്ട് 2021-ല്‍ പുറത്തിറങ്ങി. അതിന് നല്ല റിവ്യൂസ് കിട്ടിയിരുന്നു. 2022-ല്‍ ‘പ്രതിഭാ ട്യൂട്ടോറില്സ്’ എന്ന മലയാള സിനിമയിലെ ഹിന്ദി പാട്ട് കംപോസ് ചെയ്തു. അതുകഴിഞ്ഞാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന സിനിമയെ കുറിച്ച് ജിഷ്ണു എന്നോട് പറയുന്നതും ‘ചാരുശീലേ’ എന്ന പാട്ട് സംഭവിക്കുന്നതും.
‘ചാരുശീലേ’ എന്ന ഗാനത്തിന്റെ പിറവി
ജിഷ്ണുവുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദമാണ് ഈ പാട്ടിലേക്കുള്ള എന്റെ വരവിന് കാരണമായത്. ഒരു സിനിമ ചെയ്യുന്നുണ്ടന്ന് ജിഷ്ണു എന്നെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ വൈക്കത്തെ ഒരു റസ്റ്റോറന്റില്‍ വെച്ച് കണ്ട് സംസാരിച്ച് എങ്ങനെയുള്ള പാട്ടാണ് വേണ്ടത് എന്നൊക്കെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തന്നു. ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ട്യൂണ്‍ കംപോസ് ചെയ്ത് അയച്ചു. അങ്ങനെ ദിന്‍നാഥ് പുത്തഞ്ചേരിയെക്കൊണ്ട് വരികളെഴുതിച്ചു. പെട്ടെന്നാണ് ആ പാട്ട് സംഭവിച്ചത്. വരികള്‍ പെര്‍ഫെക്ട് ഫിറ്റിങ് ആയിരുന്നു.
അതുകഴിഞ്ഞ് പാട്ടിന്റെ ട്രാക്കുകളും പ്രോഗ്രാമിങും പൂര്‍ത്തിയാക്കി. പിന്നീട് ഹരിഹരന് സാറിനെ വിളിച്ചു. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍നിന്ന് പാട്ട് കേട്ടു, അദ്ദേഹം എക്സൈറ്റഡായി. പാടാമെന്ന് ഉറപ്പ് പറഞ്ഞു. രേഷ്മ ഹരിഹരന് സാറിന്റെ കൂടെ ഒരു വേദിയില്‍ ‘ഓ ദില്‍റുബ’ എന്ന പാട്ട് പാടുന്നത് കേള്‍ക്കാനിടയായിരുന്നു. മുന്‍പരിചയമില്ലെങ്കിലും രേഷ്മയെ കോണ്ടാക്ട് ചെയ്തു. അങ്ങനെ ഫൈനല്‍ റെക്കോഡിങ് ചെയ്തു. രേഷ്മ ഈ പാട്ട് വളരെ മനോഹരമായി തന്നെ ചെയ്തു.
ഗായകന് ഹരിഹരനോടൊപ്പമുള്ള അനുഭവം
ഹരിഹരന് സാറുമായി പത്ത് വര്‍ഷത്തിലധികമായുള്ള അടുപ്പമാണ്. നേരത്തെ പറഞ്ഞ ആല്‍ബത്തില്‍ പാടിക്കാനാണ് പരിചയപ്പെട്ടത്. അതില്‍ അദ്ദേഹം രണ്ട് പാട്ടുകളാണ് പാടിയത്. മുംബൈയിലുള്ള എന്റെ മ്യൂസിക് അക്കാദമിയും സാറിന്റെ വീടും അടുത്താണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് കണ്ടുമുട്ടാനുള്ള അവസരങ്ങളുണ്ടായിരുന്നു.
ഞങ്ങള്‍ കാണുമ്പോഴൊക്കെ പാട്ടിനെ കുറിച്ച് സംസാരിക്കുമായിരുന്നു. ഞങ്ങളുടെ സംഗീതത്തിലുള്ള അഭിരുചി ഒരുപോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയാണ് സൗഹൃദം ദൃഢമായത്. ‘ചാരുശീലേ’ പാട്ട് കംപോസ് ചെയ്തപ്പോള്‍തന്നെ അദ്ദേഹത്തെയാണ് ഞാന്‍ ബന്ധപ്പെട്ടത്. സാറിനെകൊണ്ട് പാടിക്കാന്‍ പറ്റുന്ന ഒരു പാട്ടാണെന്ന് തോന്നി. ഈ പാട്ടിന്റെ തമിഴ് പാട്ടും അദ്ദേഹംതന്നെയാണ് പാടിയത്.
പാട്ടും എഴുത്തും സംഗീതസംവിധാനവും
മലയാളം, തമിഴ് പാട്ടുകള്‍ക്ക് ഞാന്‍ വരികളെഴുതാറുണ്ട്. ഈ രണ്ട് ഭാഷകളിലും എഴുതാന്‍ എനിക്ക് ഇഷ്ടമാണ്. റിലീസാകാനിരിക്കുന്ന ‘ഓസ്കാര്‍’ എന്ന സിനിമയുടെ രണ്ട് പാട്ടുകളിലെ ഇംഗ്ലീഷ് ഭാഗങ്ങള്‍ക്ക് ഞാനാണ് വരികളെഴുതിയത്. ചിന്മയിയുമായി ചേര്‍ന്ന് ഒരു ആല്‍ബം ചെയ്തിരുന്നു. അതിലെ മലയാളം പാട്ടുകളും എഴുതി. എഴുതാന്‍ എനിക്കിഷ്ടമാണ്. എന്നാല്‍ ഞാന്‍ അത്ര നല്ല ഒരെഴുത്തുകാരനൊന്നുമല്ല. ഒരുപാട് വായിക്കുകയും പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നതുകൊണ്ട് എഴുത്തും അറിയാതെ വന്നു. പ്രൊഫഷണലി ഞാനൊരു സംഗീതജ്ഞന് തന്നെയാണ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, മറാഠി, ബോജ്പുരി തുടങ്ങിയ ഭാഷകളില്‍ പാട്ടുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മുംബൈയില്‍ ഞാന്‍ ഒരു മ്യൂസിക് അക്കാദമി നടത്തുന്നുണ്ട്. എന്റെ തന്നെ അനുഭവങ്ങളില്‍നിന്ന് ഞാന്‍ ഒരുപാട് വോക്കല്‍ ട്രെയ്നിങ് ടെക്നിക്കുകള്‍ മനസ്സിലാക്കിയിരുന്നു. അതായത് പാട്ടുകാര്‍ക്ക് പാടാനുള്ള കഴിവ് മെച്ചപ്പെടുത്താന്‍ ഒരുപാട് സിങ്ങിങ് ടെക്നിക്കുകള്‍, എക്സസൈസ് തുടങ്ങിയവയെല്ലാം. അത് പങ്കുവെക്കാമെന്ന ഉദ്ദേശ്യത്തിലാണ് അങ്ങനെയൊരു അക്കാദമിക്ക് തുടക്കമിട്ടത്.
എല്ലാ ജോണറിലുമുള്ള പാട്ടുകളോടും ഇഷ്ടം
ഒരു കംപോസര്‍ എന്ന നിലയില്‍ എല്ലാ ജോണറിലുമുള്ള പാട്ടുകളും ചെയ്യേണ്ടതുണ്ട്. അതിലെല്ലാം പാട്ടുകള്‍ കിട്ടാന്‍ അവസരം നോക്കി കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ നേരത്തെ സൂചിപ്പിച്ച ‘ഓസ്കാര്‍’ എന്ന അടുത്ത ചിത്രത്തില്‍ ഞാന്‍ ഒന്‍പത് പാട്ടുകളാണ് ചെയ്തിരിക്കുന്നത്. അതെല്ലാം ഒന്‍പത് ജോണറിലുള്ള പാട്ടുകളാണെന്ന് പറയാം. അതിലെ സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും ചെയ്യാന്‍ സാധിച്ചു. രാജസ്ഥാനിലെ ഗ്രാമത്തെ പഞ്ചാത്തലമാക്കിയുള്ള ‘കുല്‍ദാര’ എന്ന വെബ്സീരീസിന്റെ മ്യൂസിക്കും ചെയ്യുന്നുണ്ട്.
കംപോസറാകാനുള്ള തീരുമാനമെടുത്തത് മുതല്‍ ഞാന്‍ എല്ലാ തരത്തിലുമുള്ള പാട്ടുകളും എക്സ്പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. അതുവരെ പരിമിതമായ പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന ആളായിരുന്നു. ആദി ധര്‍മ, നദീം-ശ്രാവണ്‍, സാം സ്മിത്ത്, ലിങ്കിന് പാര്‍ക്ക്, എഡ് ഷീരന്, ടെയ്ലര് സ്വിഫിറ്റ് എന്നിവരുടെയെല്ലാം പാട്ടുകള്‍ എനിക്ക് ഒരുപോലെ ഇഷ്ടമാണ്.
പാട്ടിന്റെ വഴിയില്‍ പ്രചോദനമായത്
ചെറുപ്പത്തില്‍ സംഗീതം കേട്ട് വളര്‍ന്നത് എന്നെ ഒരുപാട് സ്വാധീനിച്ചു. തുടക്കത്തില്‍ ഏട്ടന് പാടുന്നത് കേട്ട് പ്രചോദിതനായ ആളാണ് ഞാന്‍. മുതിര്‍ന്നപ്പോള്‍ എ.ആര്. റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കാനിടയായി. സംഗീതത്തിലെ പരമ്പരാഗതമായ രീതികളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ വന്നിട്ടുള്ളത്. ആ പാട്ടുകളിലെ സൗണ്ടിങ്, ഓര്ക്കസ്ട്രേഷന്, ടോണുകള്‍, സംഗീതോപകരണങ്ങളുടെ ഉപയോഗം എല്ലാം കേട്ടപ്പോള്‍ അതൊരു പുതിയ അനുഭവമായി തോന്നി. അതെന്നെ ഒരുപാട് സ്വാധീനിച്ചു. ഫിലിം സ്കോറിങിലും സൗണ്ടിങിലും അദ്ദേഹം കൊണ്ടുവന്ന പുതുമകള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
രാംനാഥ് | Photo: Special arrangement
അതുപോലെതന്നെ എന്റെ ഇഷ്ട പാട്ടുകാരായ ലിങ്കിന് പാര്‍ക്ക്, ടെയ്ലര് സ്വിഫിറ്റ്, ഫ്രെഡി മെര്‍കുറി എന്നിവരും ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കില്‍ പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തി, പാക്കിസ്താനി സംഗീതജ്ഞന് സജാദ് അലി എന്നിവരെല്ലാം എനിക്ക് പ്രചോദനമായിട്ടുണ്ട്.
സംഗീതലോകത്തെ സ്വപ്നം
‘ചാരുശീലേ’ എന്ന പാട്ട് കേട്ട് പലരും നല്ല അഭിപ്രായം പറഞ്ഞു. ആ പാട്ടില്‍ എവിടെയൊക്കെയോ ആളുകള്‍ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് പറഞ്ഞു. ആ പ്രതികരണം എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇനിയും അതുപോലെയുള്ള വര്‍ക്കുകള്‍ ചെയ്യണം എന്നാണെന്റെ ആഗ്രഹം. സിനിമയിലാണെങ്കിലും എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള പാട്ടാണ് പരിമിതികള്‍ക്കുള്ളില്‍നിന്ന് ചെയ്യുന്നത്.
എന്റെ മ്യൂസിക് ടേസ്റ്റ് നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വര്‍ക്ക് ചെയ്ത് അവസാനിപ്പിക്കുമ്പോള്‍ അത് എനിക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒന്നായി മാറും. അതുകേട്ട് ആളുകള്‍ നല്ലത് പറയുമ്പോള്‍ അത് വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]