![](https://newskerala.net/wp-content/uploads/2025/02/ranveer-allahbadia-youtube-controversy-1024x576.jpg)
ന്യൂഡല്‍ഹി: യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവിലാണ് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ. ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് രണ്‍വീറിനൊപ്പം പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്ന, സോഷ്യല്‍ മീഡിയ ഇന്റഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പ്രശ്നം രണ്‍വീറിന്റെ വ്യക്തിജീവിതത്തെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍വീറും കാമുകി നിക്കി ശര്‍മയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായും ഇരുവരും വേര്‍പിരിഞ്ഞെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ഇരുവരും ദീര്‍ഘകാലമായി ഡേറ്റിങ്ങിലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടിവന്നത്.
ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി.
ഇതിനിടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയുടെ വിവാദ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്യുകയും ചെയ്തു. എപ്പിസോഡിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും സര്‍ക്കാര്‍ ഇടപെടലിനും നിയമപരമായ പരാതികള്‍ക്കും കാരണമാകുകയും ചെയ്തതോടെയാണ് യൂട്യൂബിന്റെ നീക്കം. വീഡിയോ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല.
ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം എന്നിവയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന 2008-ലെ ഐടി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്. കേസില്‍ ടെലികോം സേവന ദാതാക്കള്‍ക്കും ബന്ധപ്പെട്ട പ്ലാറ്റ്ഫോമായ യൂട്യൂബിനും കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശവും ഉണ്ടായിരുന്നു. ഉത്തരവ് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു.
ഷോയിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അനാദരിക്കുന്നതിന് തുല്യമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പിന്നാലെ ബോംബെ ഹൈക്കോടതി അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുംബൈ പോലീസ് കമ്മിഷണര്‍ വിവേക് ഫാല്ശങ്കറിനും സംസ്ഥാന വനിതാ കമ്മിഷനും കത്തെഴുതിയിരുന്നു.
സംഭവത്തില്‍ ഷോയില്‍ അതിഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും മറ്റ് സംഘാടകര്‍ക്കുമെതിരേ ഭാരതീയ ന്യായ സംഹിത, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്നും നമ്മുടെ സംസാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്രത്തിന്റെ പരിധി ലംഘിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പരിധികള്‍ ലംഘിക്കപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ദേശീയ വനിത കമ്മീഷന് അധ്യക്ഷയും രാജ്യസഭാ എംപിയുമായ രേഖ ശര്‍മയും രംഗത്തെത്തി. വീഡിയോ ഞെട്ടിപ്പിക്കുന്നതാണെന്നും ആണായും പെണ്ണായാലും ഇത്തരം തമാശകള്‍ സമൂഹത്തില്‍ അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]