![](https://newskerala.net/wp-content/uploads/2025/02/ker-vs-jk.1.3134575.jpg)
പൂനെ: ജമ്മു കാശ്മീർ-കേരള രഞ്ജിട്രോഫി സെമി ഫൈനൽ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. കാശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് ഇനി ജയിക്കാൻ എട്ട് വിക്കറ്റുകൾ ബാക്കി നിൽക്കെ 299 റൺസ് വേണം. നാലാം ദിവസം അവസാനിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം 100 റൺസ് നേടിയിട്ടുണ്ട്. ഒരു ദിവസം അവശേഷിക്കെ 299 റൺസ് നേടിയാലോ സമനിലയായാലോ ആദ്യ ഇന്നിംഗ്സിലെ സൽമാൻ നിസാറിന്റെ സെഞ്ച്വറി മികവിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിൽ കേരളത്തിന് സെമിയിലെത്താം. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ ജമ്മു കാശ്മീർ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എന്ന നിലയിൽ ഡിക്ളയർ ചെയ്തിരുന്നു.
ക്യാപ്റ്റൻ പരസ് ഡോഗ്രയാണ് ജമ്മു കാശ്മീരിനായി തിളങ്ങിയത്. 232 പന്തിൽ 132 റൺസ് ആണ് ഡോഗ്ര നേടിയത്. കനയ്യ വധവാൻ 64ഉം സഹിൽ ലോത്ര 59 റൺസും നേടി. കേരളത്തിനായി എംഡി നിതീഷ് 89 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. ബേസിലും ആദിത്യ സർവതെയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവസാന വിക്കറ്റ് ജലജ് സക്സേന നേടി. വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. അർദ്ധ സെഞ്ച്വറി കൂട്ട് കെട്ട് നേടിയതിന് പിന്നാലെ സ്കോർ 54ൽ നിൽക്കെ രോഹൻ കുന്നുമ്മൽ പുറത്തായി. ആറ് റൺസ് മാത്രം നേടിയ ഷോൺ റോജറെയും കേരളത്തിന് നഷ്ടമായി. കരുതലോടെ പിടിച്ചുനിൽക്കുന്ന അക്ഷയ് ചന്ദ്രനും (100 പന്തുകളിൽ 32), ക്യാപ്റ്റൻ സച്ചിൻ ബേബിയും (59 പന്തുകളിൽ 19) ആണ് ഇപ്പോൾ ക്രീസിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]