![](https://newskerala.net/wp-content/uploads/2025/02/banglure.1.3133941.jpg)
ബംഗളൂരു: മലയാളി യുവാക്കൾ ഇന്നത്തെ കാലത്ത് ജോലി അന്വേഷിച്ച് പോകുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്ന് ബംഗളൂരുവാണ്. ഐടി, എഞ്ചിനിയറിംഗ് ജോലി സാദ്ധ്യതകൾ ഏറെയാണ് ഈ നഗരത്തിൽ. കേരളത്തോട് ഏറ്റവും അടുത്തു ചേർന്നുനിൽക്കുന്ന മെട്രോ നഗരം എന്നിങ്ങനെയുള്ള സവിശേഷതകളും ബംഗളൂരുവിനുണ്ട്. എന്നാൽ ഈ നഗരത്തിൽ ജീവിക്കാനുള്ള ചെലവ് എത്രയാണെന്ന് നിങ്ങൾക്ക് ആർക്കെങ്കിലും നിശ്ചയമുണ്ടോ? ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവ് പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ബംഗളൂരുവിൽ യുവാവ് താമസിക്കുന്ന മുറിയും ആ മുറിക്ക് നൽകുന്ന വാടകയുമാണ് പോസ്റ്റിലെ വിഷയം. നഗരത്തിൽ ഒറ്റ മുറി ഫ്ളാറ്റിന് ആ യുവാവ് മാസ വാടകയായി നൽകുന്നത് 25,000 രൂപയാണ് പോലും. ഒരു മുറിയിൽ നിന്നാണ് യുവാവ് സംസാരിക്കുന്നത്. ആ മുറിയുടെ വീതി യുവാവിന്റെ രണ്ട് കൈയും നീട്ടിയാലുള്ള വീതി മാത്രമാണ്. മുറിയുടെ നീളമാകട്ടെ, രണ്ട് കാലുകൾ നീട്ടിയാലുള്ള നീളം മാത്രമാണുള്ളത്. ഇതോടൊപ്പം ഒരു ചെറിയ ബാൽക്കണിയും ആ ഫ്ളാറ്റിനുണ്ട്. ഇത്രയും വലിയ തുക വാടകയായി നൽകിയിട്ട് ദുരിതപൂർണമായ ഫ്ളാറ്റാണോ ലഭിച്ചതെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേർ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സമാനമായ വാടക നൽകുന്ന മുംബയിലെ ഫ്ളാറ്റിനെക്കുറിച്ച് ഒരു യുവാവ് വീഡിയോ പങ്കുവച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാതുംഗയിലെ 1 മുറി ഫ്ളാറ്റിന് ആ യുവാവ് നൽകുന്ന വാടക 40,000 രൂപയായിരുന്നു. ബംഗളൂരു, മുംബയ് തുടങ്ങിയ നഗരങ്ങൾ ഉയർന്ന വാടകയും ജീവിതച്ചെലവിനെയും കുറിച്ചുള്ള വീഡിയോകൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]