
ദില്ലി: 45 കാരിയെ പറഞ്ഞു പറ്റിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തു. ദില്ലി ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്താണ് അജ്ഞാതര്‍ പണം തട്ടിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ റിക്കവറി ഏജന്റായ സ്ത്രീക്കാണ് അബദ്ധം പറ്റിയത്. അജ്ഞാത നമ്പറില്‍ നിന്ന് വന്ന തട്ടിപ്പ് കോളിന് ഇവര്‍ ഇരയാവുകയായിരുന്നു. ദില്ലി ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരം തുടങ്ങിയത്.
ഫോണ്‍ ചെയ്തയാള്‍ സ്ത്രീയുടെ ബാങ്ക് ട്രാന്സാക്ഷനുകളെ കുറിച്ച് ചോദിച്ചു. തുടര്‍ന്ന് ഇവര്‍ നിയമവിരുദ്ധമായി പണം കൈമാറ്റം ചെയ്യുന്നുണ്ടെന്നും ഇതില്‍ ലഹരിമരുന്ന് മാഫിയക്ക് ബന്ധമുണ്ടെന്നും ഒന്നിലകം ഡബിറ്റ് കാര്‍ഡുകളും പാസ്പോര്‍ട്ടും കയ്യില്‍ വെക്കുന്നതായും ആരോപിച്ചു. പലതും പറഞ്ഞ് സ്ത്രീയെ പേടിപ്പിച്ചതിന് ശേഷം മുതിര്‍ന്ന ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് യൂണിഫോമിലുള്ള ഒരാള്‍ വാട്സാപ്പില്‍ വീഡിയോ കാള്‍ ചെയ്യുകയും ഉണ്ടായി.
കോളിനിടെ സ്ത്രീയുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയെടുത്തു. തുടര്‍ന്ന് അവരുടെ അഡ്രസിലേക്ക് വ്യാജ കോടതി വാറണ്ടും റിസര്‍വ് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിസും അയച്ചു. ഇതോടുകൂടി തട്ടിപ്പിനിരയായ സ്ത്രീ ഭയപ്പെട്ടു. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് പേടിച്ച സ്ത്രീ ഇവര്‍ ആവശ്യപ്പെട്ട പ്രകാരം ഒരു ലക്ഷം രൂപ നല്കി. പണം കിട്ടിയതിന് ശേഷം വീണ്ടും 16 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]