![](https://newskerala.net/wp-content/uploads/2025/02/k-rail.1.1479671.jpg)
തിരുവനന്തപുരം: റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടത് അനുസരിച്ച് സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാനാകില്ലെന്ന് കെ റെയിൽ വ്യക്തമാക്കി. അതിവേഗ ട്രെയിനുകൾക്ക് വേണ്ടത് പ്രത്യേക പാതയാണെന്നും അതിനാൽ സ്റ്റാൻഡേഡ് ഗേജ് തന്നെ വേണമെന്നും കെ റെയിൽ ദക്ഷിണ റെയിൽവേയ്ക്ക് മറുപടി നൽകി. എന്നാൽ റെയിൽവേ ഭൂമി ഒഴിവാക്കാൻ സിൽവർ ലൈൻ അലൈൻമെന്റിൽ ഭേദഗതിയാകാമെന്നും കെ റെയിൽ അറിയിച്ചു. പാരിസ്ഥിതിക , സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും അലൈൻമെന്റ് മാറ്റത്തിന് തയ്യാറാണെന്നും കെ റെയിൽ വ്യക്തമാക്കി.
സിൽവർ ലൈനിനായുള്ള പാത ബ്രോഡ്ഗേജാക്കണം, വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കാൻ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് റെയിൽവേ മുന്നോട്ടുവച്ചത്. റെയിൽവേയുടെ ബദൽ നിർദ്ദേശം മെട്രോമാൻ ഇ.ശ്രീധരനും തള്ളിയിരുന്നു. ബ്രോഡ്ഗേജ് പാത നിർദ്ദേശം അപ്രായോഗികമാണ്. സ്റ്റാൻഡേഡ് ഗേജിൽ തന്നെ പ്രത്യേക പാത വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രറെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു. സിൽവർ ലൈനിന് റെയിൽവേയുടെ 108 ഹെക്ടർ ഭൂമി ആവശ്യമായുണ്ട്. ഇതു വിട്ടുതരാൻ തയ്യാറായില്ലെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നാണ് കെ റെയിൽ വ്യക്തമാക്കിയത്.