![](https://newskerala.net/wp-content/uploads/2025/02/resignation.1.3132493.jpg)
കംഫർട്ടായി,സന്തോഷത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായാൽ മാത്രമേ നല്ല റിസൽട്ട് കിട്ടുകയുള്ളൂവെന്ന് പറയാറുണ്ട്. എന്നാൽ പലപ്പോഴും മിക്ക തൊഴിലിടങ്ങളും ടോക്സിക്കാണ്. ജീവനക്കാരുടെ വികാരങ്ങൾക്ക് പുല്ല് വില കൊടുത്ത് ‘മുട്ടൻ പണി’ നൽകുന്ന തൊഴിലുടമകൾ ഉണ്ട്. ഇത്തരത്തിലുള്ള പീഡനങ്ങൾക്കെതിരെ പരാതി നൽകാൻ കമ്പനികളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുണ്ട്. എന്നാൽ പലപ്പോഴും ഇതൊക്കെ വെറും പ്രഹസനങ്ങൾ ആയി മാറാറുണ്ട്. മനംമടുത്ത് മനുഷ്യാവകാശ കമ്മീഷനിലടക്കം പരാതി നൽകാൻ നിർബന്ധിതരാകുന്നവരുണ്ട്.
എന്നാൽ കോർപറേറ്റ് ലോകത്ത് ഇപ്പോൾ മറ്റൊരു ട്രെൻഡാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. എന്താണെന്നല്ലേ? ‘പ്രതികാര രാജി’ അഥവാ ‘റിവഞ്ച് ക്യുറ്റിംഗ്’ ആണ് ഇപ്പോൾ ലോകത്ത് തരംഗം സൃഷ്ടിക്കുന്നത്. ഇൻഡോർ ആസ്ഥാനമായുള്ള എച്ച്ആർ, അഡ്മിനിസ്ട്രേഷൻ വിദഗ്ദ്ധനായ ഗുർകരൻ സിംഗ് ആണ് പുതിയ ട്രെൻഡ് ലോകത്തിന് മുന്നിലെത്തിച്ചത്.
പ്രതികാര രാജിയെ വികാരഭരിതവും നാടകീയവുമായ എക്സിറ്റ് എന്നാണ് ഗുർകരൻ സിംഗ് വിശേഷിപ്പിച്ചത്. നിരാശയാണ് ഇത്തരമൊരു നടപടിയിലേക്ക് ജീവനക്കാരെ എത്തിക്കുന്നത്. ‘ക്വയറ്റ് ക്യുറ്റിംഗ്’ ആയിരുന്നു മുമ്പ് ചെയ്തിരുന്നത്. അതായത് സമാധാനപരമായി പിരിഞ്ഞുപോകുകയെന്ന പ്രവണതയിൽ നിന്ന് ഇത്രയും കാലം ദ്രോഹിച്ചവരോട് പ്രതികാരം ചെയ്തുകൊണ്ട് ജോലി വിടുന്നതിൽവരെയെത്തി കാര്യങ്ങളെന്ന് ചുരുക്കം.
എന്താണ് പ്രതികാര രാജി
പണ്ടൊക്കെ പുതിയൊരു ജോലി ലഭിച്ചാലോ, ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് ബോദ്ധ്യപ്പെടുമ്പോഴുമൊക്കെയായിരുന്നു ആളുകൾ രാജിവച്ചിരുന്നത്. എന്നാൽ ഇന്ന് വേറെ ചില കാര്യങ്ങളാണ് രാജിയിലേക്ക് നയിക്കുന്നത്.
നിറവേറ്റാത്ത വാഗ്ദാനങ്ങൾ, ടോക്സിക്കായ തൊഴിൽ അന്തരീക്ഷം, അംഗീകാരമില്ലായ്മ തുടങ്ങിയവയാണ് പ്രതികാര രാജിയിലേക്ക് നയിക്കുന്നത്. മൈക്രോ മാനേജ്മെന്റ്, ജോലിസ്ഥലത്തെ പക്ഷപാതം, മേലുദ്യോഗസ്ഥരിൽ നിന്നുള്ള പരുഷമായ ഇടപെടൽ എന്നിവ കാരണം ജീവനക്കാർ പെട്ടെന്ന് രാജിവച്ചുപോകുന്നു.
‘അഭിനന്ദനമില്ലാത്ത അവസ്ഥ, അധിക്ഷേപകരമായ പരാമർശം, അമിത ജോലി എന്നിവയൊക്കെ ജീവനക്കാരെ പ്രതികാര രാജിയിലേക്ക് തള്ളിയിടാമെന്ന് സിംഗ് പറയുന്നു. ജീവനക്കാരുടെ ക്ഷേമം അവഗണിക്കുന്ന കമ്പനിയുടെ ബിസിനസ് ചെറിയ രീതിയിലെങ്കിലും തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ പെട്ടെന്ന് രാജിവയ്ക്കുന്നത്. വളരെ വൈകുന്നതിന് മുമ്പ് തന്നെ ജീവനക്കാരെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നുമാണ് കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സിംഗ് നൽകുന്ന ഉപദേശം. ജെൻ സിക്കാർ(1997 – 2012വരെ ജനിച്ചവർ) ആണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രതികരിച്ച് സോഷ്യൽ മീഡിയ
വളരെപ്പെട്ടെന്ന് തന്നെ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ‘തങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് തോന്നുമ്പോൾ ജീവനക്കാർ ജോലി മതിയാക്കുന്നു. സന്തോഷകരമായ ടീമുകൾ ഉൽപ്പാദനക്ഷമതയുള്ള ടീമുകൾക്ക് തുല്യമാണ്. വളരെ വൈകുന്നതിന് മുമ്പ് തൊഴിലുടമ ആരോഗ്യകരമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്.’- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
‘ആളുകൾ ജോലിയല്ല ഉപേക്ഷിക്കുന്നത്. മറിച്ച് അവർ ടോക്സിക് ചുറ്റുപാടുകളും പാലിക്കാത്ത വാഗ്ദാനങ്ങളുമാണ് ഉപേക്ഷിക്കുന്നത്.’- എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ‘കമ്പനികൾ നിയമനത്തിനായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നു. പക്ഷേ ജീവനക്കാരുടെ സംതൃപ്തി അവഗണിക്കുന്നു. ഫലം? സ്വന്തം കഴിവുകൾ വരെ നശിക്കുന്നു.’- എന്നാണ് വേറൊരാൾ കമന്റ് ചെയ്തത്.
തൊഴിലുടമകൾക്കുള്ള മുന്നറിയിപ്പ്
ഇത്തരത്തിലുള്ള പ്രതികാര രാജി ടോക്സിക്കായ തൊഴിലുടമകൾക്കുള്ള ഓർമപ്പെടുത്തലാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കിയാത്മകവും പിന്തുണ നൽകുന്നതുമായ ഒരു തൊഴിൽ സംസ്കാരം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടാൽ ഇത്തരത്തിലുള്ള പ്രതികാര രാജികൾ കമ്പനികളിൽ തുടർക്കഥയാകും.