![](https://newskerala.net/wp-content/uploads/2025/02/pinarayi-vijayan-.1.3132528.jpg)
തിരുവനന്തപുരം: കോട്ടയത്ത് പൊലീസ് ഡ്രൈവർ ശ്യാം പ്രസാദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ എൻ ജയരാജിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ക്രൈം നമ്പർ 170/2025 ആയി ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി ജിബിൻ ജോർജ് റിമാൻഡിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം നിറവേറ്റുന്നതിനിടെയാണ് ശ്യാം പ്രസാദ് അതിദാരുണമായി കൊല്ലപ്പെട്ടത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്’- മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ച മുമ്പാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന മാഞ്ഞൂർ തട്ടാംപറമ്പിൽ (ചിറയിൽ) സി.കെ ശ്യാം പ്രസാദ് (44) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ മുതൽ പ്രതിയായ പെരുമ്പായിക്കാട് ആനിക്കൽ ജിബിൻ ജോർജ് സമീപത്തെ ബാറിലുണ്ടായിരുന്നു. വിവിധ ബ്രാൻഡുകളിലെ മദ്യവും, കഞ്ചാവും ഉപയോഗിച്ച ഇയാൾ രാത്രി 11 ഓടെയാണ് സുഹൃത്തായ പ്രകാശന്റെ തട്ടുകടയിലേക്കെത്തിയത്. ഈ സമയത്താണ് പ്രകാശനും സമീപത്തെ കടയുടമ സാലിയും തമ്മിൽ തർക്കമുണ്ടാകുന്നതും ശ്യാം ഇവിടെയ്ക്കെത്തുന്നതും കൊലപാതകത്തിൽ കലാശിക്കുന്നതും. ഏഴ് കേസുകളിൽ പ്രതിയായ ജിബിൻ ബാറിലെത്തുന്നവരിൽ നിന്ന് പണം കൈക്കലാക്കി മദ്യപിക്കുന്നതും പതിവായിരുന്നു. ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. രണ്ടുപേരും ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]