![](https://newskerala.net/wp-content/uploads/2025/02/uae.1.3132414.jpg)
ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെ കോളടിച്ചത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ദിർഹത്തിനെതിരെ 23.94 എന്ന നിലയിലേക്കാണ് ഒടുവിൽ വിനിമയം നടന്നത്. മൂല്യം താഴ്ന്നതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിൽ അനുകൂല സാഹചര്യം ഉടലെടുത്തു. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിൽ പ്രവേശിച്ചതോടെയാണ് രൂപയുടെ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തിയത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ദിർഹത്തിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഒരു ദിർഹത്തിന് 23.86 രൂപയായിരുന്നു. നേരത്തെ 22 വരെയുണ്ടായിരുന്ന നിരക്കാണ് 24ലേക്ക് കടക്കുമെന്ന നിലയിലേക്ക് എത്തിയത്. അതേസമയം, കഴിഞ്ഞ വാരാന്ത്യത്തിൽ പ്രവാസികൾ വൻതോതിൽ നാട്ടിലേക്ക് പണം അയച്ചിരുന്നു. ഈ ആഴ്ച രൂപയുടെ മൂല്യം ദൃഢമാകുമെന്ന് കരുതിയായിരുന്നു അത്. എന്നാൽ ഇങ്ങനെ പോയാൽ രൂപയുടെ മൂല്യം 24ലേക്ക് കടന്നേക്കുമെന്നാണ് കരുതുന്നത്.
അതേസമയം, ഡോളറിനെതിരായ വിനിമയത്തിൽ റെക്കാർഡ് വീഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്. 45 പൈസയുടെ ഇടിവ് ഇന്ന് രേഖപ്പെടുത്തി. 87.95 ആണ് നിലവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വിനിമയം ആരംഭിച്ചപ്പോൾ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 45 പൈസയുടെ ഇടിവിലേക്ക് വീഴുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]