
മുംബൈ: ബോളിവുഡിലെ പ്രശസ്ത താരജോടികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ഇപ്പോഴിതാ, വർലിയിലെ ഇരുവരുടേയും അപ്പാർട്ട്മെന്റ് വിൽപ്പനയാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ച. ഒബ്റോയ് 360 വെസ്റ്റ് പ്രോജക്റ്റിനുള്ളിൽ കടലിന് അഭിമുഖമായുള്ള ഇവരുടെ അപ്പാർട്ട്മെന്റ് വൻ തുകയ്ക്ക് വിറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
39-ാം നിലയിൽ 6830 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റിന് നാല് പാർക്കിംഗ് സ്ലോട്ടുകളുണ്ട്. ജനുവരി 31-ന് നടന്ന രജിസ്റ്റർ രേഖകൾ പ്രകാരം 4.80 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചിരിക്കുന്നത്. ചതുരശ്ര അടിയ്ക്ക് 1.17 ലക്ഷം രൂപ വെച്ച് 80 കോടിയ്ക്കായിരുന്നു വിൽപ്പനയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രണ്ട് ടവറുകൾ വീതമുള്ള വർലിയിലെ ആഡംബര പ്രൊജക്റ്റിൽ 4 BHK, 5 BHK അപ്പാർട്മെന്റുകളാണുള്ളത്. ഷാഹിദ് കപൂർ, അഭിഷേക് ബച്ചൻ എന്നിവർക്കും ഇവിടെ കടലിനഭിമുഖമായ അപ്പാർട്ടുമെൻ്റുകളുണ്ട്. 2024 മേയിൽ 60 കോടി രൂപയ്ക്കാണ് ഷാഹിദ് കപൂറിൻ്റെ ഭാര്യ മീര കപൂർ അപാർട്ട്മെന്റ് സ്വന്തമാക്കിയത്.
നേരത്തെ, മുംബൈയിലെ ബോരിവാലി ഈസ്റ്റിലെ അപ്പാർട്ട്മെന്റ് അക്ഷയ് 4.25 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഒബ്റോയ് റിയല്‍റ്റി ഡെവലപര്‍മാരായ സ്കൈ സിറ്റിയിലെ അപാര്‍ട്മെന്റ് 2017-ല്‍ 2.38 കോടി രൂപയ്ക്കാണ് അക്ഷയ് അന്ന് വാങ്ങിയത്. പിന്നീട്, 2025 ജനുവരിയിൽ 4.25 കോടി രൂപയ്ക്ക് അപ്പാർട്ട്മെന്റ് വിൽക്കുകയും ചെയ്തു.
ജനുവരി 24-ന് പുറത്തിറങ്ങിയ സ്കൈ ഫോഴ്സാണ് 2025-ലെ അക്ഷയ് കുമാറിന്റെ ആദ്യചിത്രം. ഹൗസ്ഫുള് 5, ജോളി എല്‍.എല്‍.ബി. 3, ഭൂത് ബംഗ്ലാ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]