
വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ നയവും ഭീഷണിയും കാരണമാണ് ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാർട്ട് ടൈം ജോലി ചെയ്യുന്നിടങ്ങളിലെ പൊലീസിന്റെയും മറ്റ് അധികൃതരുടെയും പരിശോധനകൾ വർധിച്ചതാണ് സ്ഥിതി സങ്കീർണമാക്കിയത്.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ പിന്നെ ദിവസങ്ങളോളം അതിന് പിന്നാലെ നടക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വ്യക്തമാകുന്നത്. ഇത് പാർട്ട് ടൈം ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ചടുത്തോളം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. എല്ലാ രേഖകളും ഉള്ളവർക്ക് പോലും കാര്യങ്ങൾ അത്ര എളുപ്പം പരിശോധനകൾ കഴിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു.
ജോലിസ്ഥലങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ഐ ഡികൾ കാണണമെന്ന് പറഞ്ഞ് തുടങ്ങുന്ന പരിശോധന വിവിധ ഘട്ടങ്ങളിലേക്ക് ഇപ്പോൾ നീളാറുണ്ട്. അധികാരികളുമായുള്ള ഏറ്റുമുട്ടൽ ഭയന്ന് വിദ്യാർഥികൾ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുന്നത് വളരെയധികം കൂടുതലായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ മാത്രം കാര്യമല്ല, അമേരിക്കയിലെ വിദേശ വിദ്യാർഥികളുടെയെല്ലാം കാര്യം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. പൊതുവിൽ അമേരിക്കയിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളെയെല്ലാം ട്രംപിന്റെ നാടുകടത്തൽ ഭീഷണി ബാധിച്ചിട്ടുണ്ടെന്ന് സാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]