![](https://newskerala.net/wp-content/uploads/2025/02/mv-govindan-cpim_1200x630xt-1024x538.png)
തിരുവനന്തപുരം : കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്തുന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ല. മുന്നണിയിൽ ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഇടതുമുന്നണി കൺവീനറുടെ വാദവും സിപിഎം സംസ്ഥാന സെക്രട്ടറി തള്ളി.
കിഫ്ബി റോഡുകൾക്ക് ടോൾ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിൽ പാര്‍ട്ടി സെക്രട്ടറിയും ഇടതുമുന്നണി കൺവീനറും പ്രത്യക്ഷമായി ഇരുപക്ഷത്താണ്. ഇടതുമുന്നണിയിൽ കിഫ്ബി റോഡ് ടോൾ പരാമര്‍ശിച്ചിട്ടുണ്ടെന്നും ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കൺവീനർ പറയുമ്പോൾ, ടോൾ ഇടതു നയമേ അല്ലെന്ന് പറഞ്ഞു വെയ്ക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. കിഫ്ബി ഒരു പ്രത്യേക പദ്ധതിയാണ്. 90,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കടം വീട്ടിത്തീര്‍ക്കാൻ കിഫ്ബിക്ക് കൃത്യമായ പദ്ധതികൾ വേണമെന്നും അത് ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നുമാണ് സിപിഎം പറയുന്നത്. നയപരമായ നിലപാട് മാറ്റമായിട്ടും വിശദമായ ചര്‍ച്ച മുന്നണി യോഗത്തിൽ നടക്കാത്തതിൽ ഘടകക്ഷികൾക്കും മുറുമുറുപ്പുണ്ട്.
‘ടോൾ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചുനിൽക്കാനാവില്ല, കിഫ്ബി റോഡുകളിലെ ടോൾപിരിവ് അനിവാര്യം’: തോമസ് ഐസക്
അതിനിടെ പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല അനുമതിയിൽ സര്‍ക്കാർ മുന്നോട്ട് തന്നെയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മദ്യ നിര്‍മ്മാണ ശാലക്കുള്ള നിര്‍മ്മാണ അനുമതിയിൽ റവന്യു ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. നാല് ഏക്കറിലെ നിര്‍മ്മാണ അനുമതി മാത്രമാണ് തടഞ്ഞത്. പദ്ധതിയിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിൽ എതിര്‍പ്പുണ്ടെങ്കിൽ അത് വിശദമായി ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മദ്യനിർമ്മാണ ശാല അനുമതിയിലും ടോൾ വിവാദത്തിലും ഘടകക്ഷി എതിര്‍പ്പ് നിലനിൽക്കെ 19 ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ വിശദമായ ചര്‍ച്ച നടന്നേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]