മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.
ജനുവരി 30നാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ എളങ്കൂർ സ്വദേശിയായ പ്രഭിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. 2023 മേയിലാണ് വിഷ്ണുജയും പ്രഭിനും വിവാഹിതരായത്. വിഷ്ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. നിറത്തിന്റെ പേരിലും ക്രൂരമായി ദ്രോഹിച്ചു. പീഡനങ്ങളിൽ മകൾ ഭർതൃവീട്ടുകാരുടെ സഹായം തേടിയപ്പോൾ അവർ പ്രഭിന്റെ പക്ഷം ചേരുകയാണ് ചെയ്തതെന്നും വിഷ്ണുജയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ഫെബ്രുവരി മൂന്നിനാണ് പ്രഭിൻ അറസ്റ്റിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറഞ്ഞത്. പ്രഭിനും വിഷ്ണുജയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടിൽവച്ച് മർദ്ദനമുണ്ടായിട്ടില്ല. വിഷ്ണുജയുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിനിന്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.