‘നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിൽ എന്തും നടക്കും’, അതിന് ഉത്തമ ഉദാഹരണമാണ് ഡൽഹി. 2013ൽ അഴിമതിക്കെതിരെ ചൂലെടുത്ത് ഡൽഹി പിടിച്ചെടുത്ത അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മിയെയും ഡൽഹി കെട്ടുകെട്ടിച്ചു. മുൻ മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയ വൻ മരങ്ങളെ വീഴ്ത്തിയാണ് ബിജെപി 27 വർഷത്തിന് ശേഷം അധികാരം പിടിച്ചെടുത്തത്. ചെറിയ സമയം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആം ആദ്മിക്ക് സാധിച്ചു എന്നത് വസ്തുതയാണ്. എന്നാൽ നാലാം തവണയും ഭരണമെന്ന സ്വപ്നം ആം ആദ്മിക്ക് നടക്കാതെ പോയത് എന്തുകൊണ്ടായിരിക്കാം? ഈ തിരിച്ചടിയിൽ നിന്ന് ആം ആദ്മി എങ്ങനെ കരകയറും? അഴിമതിക്കെതിരെ ചൂലെടുത്ത ആം ആദ്മിക്ക് വിനയായതും അഴിമതി തന്നെയാണോ?
കേജ്രിവാളിന്റെ വരവും ആം ആദ്മിയും
2013 ന്റെ തുടക്കത്തോടെയാണ് അരവിന്ദ് കേജ്രിവാളിന്റെ പേര് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേട്ടത്. അന്ന് കോൺഗ്രസ് നേതാക്കൾക്ക് അടക്കം ‘ഇത് ആരാടാ? എന്ന ഭാവമായിരുന്നു. എന്നാൽ 2013 നിയമസഭ തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ഷീലാ ദിക്ഷിതിന്റെ ഭരണം അവസാനിപ്പിക്കാൻ കേജ്രിവാളിന് കഴിഞ്ഞു. പിന്നീട് അങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. രാഷ്ട്രീയ നേതാക്കൾ അരവിന്ദ് കേജ്രിവാളിനെ കണ്ടുപഠിക്കണം എന്ന നിലയിലേക്കായി കാര്യങ്ങൾ. ഓരോ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിച്ച് അദ്ദേഹം ഉത്തമ രാഷ്ട്രീയ നേതാവായി മാറി. ഒപ്പം മറ്റ് സംസ്ഥാനങ്ങളിലേക്കും ആം ആദ്മി മോഡൽ നടപ്പാക്കാൻ കഴിഞ്ഞു. 2017ൽ പഞ്ചാബിൽ അരങ്ങേറ്റം കുറിച്ച കേജ്രിവാളും സംഘവും 2022ൽ ഭരണവും കയ്യടക്കി.
വോട്ടർമാർ ചൂലെടുത്തില്ല
ഇത്തവണ ആം ആദ്മി-കോൺഗ്രസ്-ബിജെപി ത്രികോണ പോരാട്ടമായിരുന്നു ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ സാക്ഷ്യം വഹിച്ചത്. മദ്ധ്യവർഗത്തിന് ഏറ്റവും വലിയ സ്വാധീനമുള്ള ഡൽഹിയിൽ മിക്ക വിഷയങ്ങളും ചർച്ചയായി. സൗജന്യങ്ങൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഓരോ പാർട്ടിയും മുന്നിലായിരുന്നു. എന്നാൽ നാലാം തവണയും ചൂലെടുക്കാൻ ഡൽഹിയിലെ വോട്ടർമാർ തയ്യാറായില്ല. അഴിമതിക്കെതിരെ നിലകൊണ്ട ആം ആദ്മിയുടെ മേൽ അഴിമതിക്കറ പുരണ്ടതായിരുന്നു അതിൽ പ്രധാന കാരണം.
2021ൽ മദ്യനയം നടപ്പാക്കിയതോടെയാണ് ആപ്പിന്റെ കഷ്ടകാലം ആരംഭിച്ചത്. മദ്യ അഴിമതിക്കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അഴിക്കുള്ളിലായി. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കെട്ടുകഥയാണെന്ന് ആം ആദ്മി ന്യായീകരിക്കുമ്പോഴും എന്തോ സത്യമുണ്ടെന്ന പ്രതീതി ജനങ്ങൾക്കിടയിലുണ്ടായി. തങ്ങൾ നിരപരാധികളാണെന്ന വിശദീകരണത്തിൽ വോട്ടർമാർ ഒട്ടും തൃപ്തരായിരുന്നില്ല.
അതിഷിയെ ഇരുത്തിയിട്ടും രക്ഷയില്ല
മദ്യ അഴിമതിക്കേസിൽ അരവിന്ദ് കേജ്രിവാൾ തീഹാർ ജയിലിൽ കഴിയുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. എന്നാൽ മടങ്ങി എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി കസേര അതിഷിക്ക് നൽകി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു ഈ നീക്കമെങ്കിലും ജനങ്ങൾ വീണ്ടും ആം ആദ്മിയെ ഏറ്റെടുക്കാൻ തയ്യാറായില്ല. വ്യാജ വാഗ്ദാനങ്ങളും അഴിമതിയുമാണ് ആം ആദ്മിയുടെ മുഖമുദ്രയെന്ന ബിജെപിയുടെ പ്രചാരണവും ഈ സമയത്ത് കത്തിനിന്നത് അരവിന്ദിനും സംഘത്തിനും മറ്റൊരു തിരിച്ചടിയായി. ആം ആദ്മിയുടെ വാഗ്ദാനങ്ങൾ ബിജെപി അതേപടി കോപ്പിയടിക്കുകയാണെന്ന് ആരോപിച്ച് പ്രതിരോധിച്ചെങ്കിലും കാര്യമായി ഫലം ഉണ്ടായില്ല.
യമുനയും കേജ്രിവാളും
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ യമുന നദിക്കും കൃത്യമായ റോളുണ്ടായി. യമുനയിലെ മാലിന്യം പ്രധാന ചർച്ചാവിഷയമാക്കി മാറ്റാൻ ബിജെപിക്ക് സാധിച്ചു. എന്നാൽ ഈ ആരോപണത്തെ കൃത്യമായി പ്രതിരോധിക്കാൻ ആം ആദ്മിക്ക് കഴിഞ്ഞില്ല. ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലക്കിയെന്ന കേജ്രിവാളിന്റെ പരാമർശം കൂടി വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അമോണിയത്തിന്റെ അളവ് വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണമെങ്കിലും അത് തിരിച്ചടിച്ചു.
ഭരണവിരുദ്ധ വികാരം
ഭരണവിരുദ്ധ വികാരം ഇല്ലെന്ന് അരവിന്ദ് കേജ്രിവാളും ആം ആദ്മിയും കരുതിയെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ആദ്യത്തെ രണ്ട് തവണ ഡൽഹി ഭരിച്ച ആം ആദ്മിയെയായിരുന്നില്ല, ജനങ്ങൾ മൂന്നാം തവണ കണ്ടത്. ജനങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും കൃത്യമായി പാലിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല. വായു നിലവാരം അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഡൽഹിക്കാരെ അലട്ടിയ ഈ പ്രശ്നത്തിന് കൃത്യമായ ഒരു പരിഹാരം കാണാൻ ആം ആദ്മിക്ക് സാധിച്ചില്ല എന്നത് വസ്തുതയാണ്. എല്ലാ കാര്യത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യൊഴിയുന്ന രീതിയും ആം ആദ്മിക്ക് വിനയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോടിപിടിപ്പിക്കലിൽ വീണു
സാധാരണക്കാരന്റെ മുഖ്യമന്ത്രി എന്ന ടാഗ് ലൈനാണ് കേജ്രിവാളിന് ജനം ആദ്യം മുതലേ നൽകിയത്. എന്നാൽ ഔദ്യോഗിക വസതി കോടികൾ മുടക്കി മോടിപിടിപ്പിക്കാൻ ആരംഭിച്ചതോടെ ആ ടാഗ് ലൈൻ ജനങ്ങൾക്ക് മനസിൽ നിന്ന് എടുത്തുകളഞ്ഞു. മോടിപിടിപ്പിക്കലുമായി ബന്ധപ്പെട്ട് സിഐജി റിപ്പോർട്ടും കൂടെ വന്നതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി. വസതിയിലെ ആഡംബര സൗകര്യങ്ങൾ സംബന്ധിച്ചും ചർച്ച ഉയർന്നതോടെ ജനങ്ങൾ കേജ്രിവാളിനെ വിലയിരുത്താൻ ആരംഭിച്ചു. ഈ തിരഞ്ഞെടുപ്പിൽ പൂർണമായും തകർന്നടിഞ്ഞ ആം ആദ്മിയുടെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയണം.