![](https://newskerala.net/wp-content/uploads/2025/02/Dony-1024x576.jpg)
‘ആണുങ്ങള് നമ്മള് വിചാരിക്കുന്ന പോലെയല്ല, ചൂസ് ചെയ്യുമ്പോ നോക്കിയില്ലെങ്കില്‍ പണി കിട്ടും. ഒറ്റ ജീവിതമല്ലേ ഉള്ളൂ.’ ഇടികൊണ്ട് ചോരവാര്‍ന്ന് നില്‍ക്കുകയാണെങ്കിലും വെള്ള ജോയ് പറഞ്ഞ ഈ ഉപദേശവാക്കുകള്‍ തിയേറ്ററുകളില്‍ പൊട്ടിച്ചിരിയാണുയര്ത്തിയത്. പണി എന്ന ചിത്രത്തിലെ ഒറ്റ ഡയലോഗില്‍ പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് നടന് ഡോണി സേവ്യര്‍ ജോണ്സണ്. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷത്തിലെത്താനായി ഡോണി കാത്തിരുന്നത് ഒന്നും രണ്ടുമല്ല, 25 വര്‍ഷങ്ങളാണ്. സിനിമയിലെത്തിയിട്ടും തന്റെ അതിജീവനം തുടരുകയാണ് ഡോണി. സിനിമയ്ക്കൊപ്പമോ അതിനുമുകളിലോ കുടുംബത്തിന് പ്രാധാന്യം നല്കുന്ന ഡോണിയുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീടുവെയ്ക്കണം എന്നതാണ്. ഒപ്പം അമ്മയേയും സഹോദരനേയും നന്നായി നോക്കണമെന്നും. ഡോണി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ചെറുപ്പംമുതലേ സിനിമയുമായി അടുപ്പമുണ്ട്
സ്കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ സിനിമയോട് അടുപ്പമുണ്ട്. പണ്ട് കലൂരില്‍ സീന എന്നൊരു സിനിമാ തിയേറ്ററുണ്ടായിരുന്നു. അവിടത്തെ ജീവനക്കാരനായിരുന്നു ഡാഡി. ഡാഡി മരിച്ചിട്ട് ഇപ്പോള്‍ 26 വര്‍ഷമായി. സ്കൂളില്‍ നാടകങ്ങളിലെല്ലാം വേഷമിട്ടിട്ടുണ്ട്. പിന്നെ കലാഭവനിലാണ് നൃത്തം പഠിച്ചത്. വാരാന്ത്യങ്ങളിലാണ് കലാഭവനില്‍ പോകാറുള്ളത്. ബാക്കി ദിവസങ്ങളില്‍ മാസ്റ്ററുടെ പേട്ടയിലുള്ള വീട്ടില്‍പ്പോയി പഠിക്കും. ഡാന്‍സ് വലിയ ഇഷ്ടമാണ്. ഒരിക്കല്‍ മമ്മി കലാഭവനില്വന്ന് അച്ചനോടുപറഞ്ഞു ഞാന്‍ പഠിക്കാന്‍ ഉഴപ്പാണെന്നും എന്നെ അവിടെ കയറ്റരുതെന്നും. ഡാന്‍സ് വഴിയാണ് ഞാന്‍ സിനിമയില്‍ കയറിയത്. പിന്നെ ഇപ്പോള്‍ തുണിക്കച്ചവടമുണ്ട്. സണ്‍ ആന്‍ഡ് മൂണ്‍ എന്ന പേരില്‍ സ്വന്തമായി വസ്ത്ര ബ്രാന്‍ഡുണ്ട്. വീട്ടിലെ ചെലവുകള്‍ അങ്ങനെയാണ് നടന്നുപോകുന്നുണ്ട്. അമ്മയ്ക്ക് അര്‍ബുദമായിരുന്നു. സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്.
ഡോണി സേവ്യർ. ഒരു യാത്രയ്ക്കിടെ | ഫോട്ടോ: Instagram
ചാന്‍സ് ചോദിച്ച് പോയിട്ടില്ല
ഫാഷനുമായി ബന്ധപ്പെട്ട പരിപാടികളാണ് ചെയ്തിരുന്നത്. ഫാഷന്‍ കണ്‍സള്‍ട്ടന്റാണ് ഞാന്‍. പല വസ്ത്ര ബ്രാന്ഡുകള്ക്കുംവേണ്ടി ജോലി ചെയ്തിട്ടുണ്ട്. ലിവൈ പോലുള്ള ബ്രാന്‍ഡുകള്‍ക്കുവേണ്ടി സ്റ്റോര്‍ മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുന്‍പ് ലോക്കലായുള്ള ഷോപ്പുകളില്നിന്നിട്ടുണ്ട്. പ്രീമിയം ബ്രാന്‍ഡുകളിലേക്ക് വരുന്നത് ഈ പരിചയം കൈമുതലാക്കിയാണ്. കേരളത്തിലെ ആദ്യ മാളില്‍ ജോലി ചെയ്തയാളാണ് ഞാന്‍. പിന്നീട് മാളിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് കൂടുതല്‍ പഠിച്ചശേഷം 2012-ലാണ് സ്വന്തം ബിസിനസ് തുടങ്ങിയത്. കൂട്ടുകാര്‍ ചെയ്ത സിനിമകളിലാണ് കൂടുതലും വേഷമിട്ടിട്ടിട്ടുള്ളത്. അവസരം ചോദിച്ച് അങ്ങോട്ട് പോയിട്ടില്ല. കൂട്ടുകാര്‍ സിനിമ ചെയ്യുമ്പോള്‍ വിളിക്കും, ഞാനത് ആത്മാര്‍ത്ഥതയോടെ പോയി ചെയ്യും. വലിയ പെരുന്നാള്‍ എന്ന ചിത്രം ചെയ്യുമ്പോഴാണ് ജോജു ചേട്ടനെ പരിചയപ്പെട്ടത്. ആ വേഷം കണ്ടിട്ടാണ് പണിയിലേക്ക് വിളിച്ചത്. നമ്മള് നമ്മളുടെ കഴിവ് തെളിയിച്ചേ പറ്റൂ. പണി ഇറങ്ങിയപ്പോഴാണ് നാലാള് എന്നെക്കുറിച്ച് അറിഞ്ഞത്.
തുടക്കം ‘സത്യം ശിവം സുന്ദര’ത്തില്‍
സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അവ്വാ അവ്വാ എന്ന ഗാനരംഗമായിരുന്നു അത്. കാക്കനാടുവെച്ചായിരുന്നു ഷൂട്ടിങ്. കുഞ്ചാക്കോ ബോബന്റെ പിന്നില്‍ നൃത്തം ചെയ്യുന്ന ഒരാള്‍ ഞാനാണ്. പറഞ്ഞാലേ മനസിലാവൂ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ഈ നൃത്തരംഗം ചെയ്യുന്നത്. സ്കൂളില്‍നിന്ന് കൂട്ടുകാരുടെ കൂടെ പോയാണ് സിനിമ കണ്ടത്. സ്ക്രീനില്‍ എന്നെ കണ്ട് അവര്‍ക്കെല്ലാവര്‍ക്കും സന്തോഷമായി. ഡോണീനെ സിനിമേലെടുത്തു എന്നാണവര്‍ പറഞ്ഞത്.
പണി എന്ന ചിത്രത്തിൽ ഡോണി | ഫോട്ടോ: Instagram
ആദ്യ ഡയലോഗ് ‘ചാപ്പാ കുരിശി’ല്‍
സമീര്‍ താഹിര്‍ ചെയ്ത ചാപ്പാ കുരിശിലാണ് ആദ്യ ഡയലോഗ് പറഞ്ഞത്. അമല്‍ നീരദ് സാറിന്റെ അസോസിയേറ്റായ സിജു.എസ്.ബാവയാണ് എന്നെ റെക്കമന്‍ഡ് ചെയ്യുന്നത്. ഫാഷന്‍ എന്നൊക്കെ പറഞ്ഞ് പരക്കംപാഞ്ഞ് നടക്കുമ്പോള്‍ പുള്ളി സിനിമയില്‍ അവസരംതരാമെന്ന് പറഞ്ഞ് വിളിച്ചതാണ്, പക്ഷേ പോകാന്‍ പറ്റിയില്ല. ഇങ്ങോട്ട് വിളിച്ച് വേഷം തരുന്നവരാണ് ഇവരൊക്കെ. എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചവരില്‍ ഒരാളാണ് പുള്ളി. അത് പറയാതിരിക്കാന്‍ വയ്യ.
‘പണി’യിലേക്ക് വാതില്‍ തുറന്ന ‘വലിയപെരുന്നാള്’
വലിയപെരുന്നാള് സംവിധാനംചെയ്ത ഡിമല്‍ ഡെന്നീസ് എന്റെയൊരു കസിനാണ്. കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ഓഫീസുണ്ടായിരുന്നു. അവിടെ വന്നുപോകാത്ത ആളുകളില്ല. ആട്-ല്‍ അഭിനയിക്കുമ്പോള്‍ വിനായകന് ചേട്ടനാണ് എന്നെ അവിടെ പരിചയപ്പെടുത്തുന്നത്. അവിടെ സ്ഥിരം പോവുകയും എഴുത്തുകാരുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് വലിയപെരുന്നാളിലേക്ക് അവസരം ലഭിച്ചത്. അവിടെവെച്ചാണ് ജോജു ചേട്ടനെ പരിചയപ്പെട്ടത്. എന്നെ അടുത്തറിയാവുന്ന ഒരാള്‍ക്കേ എനിക്ക് നല്ല വേഷങ്ങള്‍ തരാനാവൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അറിയാത്ത ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്താല്‍ ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. സിനിമയെ സംബന്ധിച്ചിടത്തോളം പൂജ കഴിഞ്ഞ് ഷൂട്ട് തുടങ്ങാതെ അതിന്റെ ഭാവി പറയാന്‍ പറ്റില്ല. സിനിമ ഒരു നിസ്സാര പരിപാടിയല്ല.
ഷെയ്ൻ നിഗത്തിനൊപ്പം | ഫോട്ടോ: Instagram
ജോജു ചേട്ടന് തന്ന ‘വെള്ള ജോയ്’
അന്നുഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ ഉണര്‍ന്നുനോക്കുമ്പോള്‍ ജോജു ചേട്ടന്റെ മാനേജര്‍ വിളിച്ചു. ആ സമയം ഫോണില്‍ ഒരു മിസ്സ്ഡ് കോള്‍ വന്നിരുന്നു. ജോജു ചേട്ടന് വിളിച്ചിരുന്നുവെന്നും എന്താണ് എടുക്കാതിരുന്നതെന്നും ചോദിച്ചു. മിസ്സ്ഡ് കോള്‍ കണ്ട നമ്പറില്‍ തിരിച്ചുവിളിക്കാനും പറഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ ജോജു ചേട്ടന് എടുത്ത് വീഡിയോ കോളില്‍ വരാന്‍ പറഞ്ഞു. അടിപൊളി വേഷമാണ് നീ വന്ന് ചെയ്യ് എന്നാണ് ജോജു ചേട്ടന് പറഞ്ഞത്. ഞാന്‍ പെട്ടന്ന് റെഡിയായി തൃശ്ശൂര്‍ക്ക് വിട്ടു. ഞാനവിടെ എത്തുമ്പോഴേക്കും എന്തോ അത്യാവശ്യം വന്ന് ജോജു ചേട്ടന് എറണാകുളത്തേക്ക് വന്നു. ഞാന്‍ തൃശ്ശൂരിലെത്തി ചീഫ് അസോസിയേറ്റിനേയും നിര്മാതാക്കളേയുമെല്ലാം കണ്ട് സംസാരിച്ചു. കഥാപാത്രത്തിനേക്കുറിച്ച് ഏകദേശധാരണ തന്നു. ഒന്ന്, രണ്ട് ദിവസത്തെ ഷൂട്ടേ ഉണ്ടാവൂ എന്ന ധാരണയിലാണ് അവിടെനിന്ന് പോരുന്നത്. പിന്നെയാണ് ഒരാഴ്ചയോളം ഷൂട്ടുണ്ടാവും എന്ന് മനസിലായത്. പണിയില്‍ കരിക്ക് സുനിയായെത്തിയ രമേഷേട്ടനാണ് (രമേഷ് ഗിരിജ) ഈ പടത്തിന്റെ കോ-റൈറ്റര്‍. പുള്ളിയോട് ചോദിച്ചിട്ടാണ് ഞാനീ കഥാപാത്രത്തെ കൂടുതല്‍ അറിയുന്നത്.
‘വെള്ള ജോയി’യുടെ വൈറല്‍ ഡയലോഗുകള്‍
തിരക്കഥയില്‍ സാധാരണപോലെയാണ് എഴുതിവെച്ചിരുന്നത്. മൂഡേഷ് പോലുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം തന്നിരുന്നു. സന്ദര്‍ഭവും സംഭാഷണവും എന്താണെന്ന് പറഞ്ഞുതരും. ചില വാക്കുകള്‍ക്ക് പകരം എന്റേതായ ശൈലിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചോളാനാണ് പറഞ്ഞത്. ഞാനെന്തെങ്കിലും കയ്യില്നിന്നിടും എന്ന് അറിയാവുന്നതുകൊണ്ടാണ് അവര്‍ അങ്ങനെ ആവശ്യപ്പെട്ടത്. ചെറിയ കാര്യങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഇംപാക്റ്റ് വളരെ വലുതായിരുന്നു. എന്റെ കഥാപാത്രത്തിന്റെ വോയ്സ് ഓവറില്‍നിന്നാണ് പണിയുടെ ട്രെയിലര്‍ തുടങ്ങുന്നത്. തീരെ പ്രതീക്ഷിച്ചില്ല അങ്ങനെയൊന്ന്. കാരണം അത്രയും പ്രാധാന്യം കിട്ടുമെന്ന് നമ്മള് തീരെ പ്രതീക്ഷിക്കുന്നില്ല. ഞാനൊരു പണിക്ക് വിളിക്കും, നീയത് വന്ന് വൃത്തിയായി ചെയ്താല്‍ മതിയെന്നാണ് വലിയ പെരുന്നാള്‍ ചെയ്യുന്ന സമയത്ത് ജോജു ചേട്ടന് പറഞ്ഞത്. അതെന്ത് പണിയാണെന്ന് അന്ന് മനസിലായില്ല. അഞ്ചുകൊല്ലം മുന്‍പുള്ള കാര്യമാണിത്.
ജോജു ജോർജിനൊപ്പം ഡോണി | ഫോട്ടോ: Instagram
‘പണി’ തന്ന പുതിയ ഐഡന്റിറ്റി
ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇത്രയും ഇംപാക്റ്റ് തന്ന മറ്റൊരു സിനിമയുമില്ല. പണിയിലൂടെയാണ് എന്നെ കുറച്ചുപേരെങ്കിലും അറിഞ്ഞത്. ഇത്രയും നാള് കൊച്ചിയിലുണ്ടായിട്ട് തൃശ്ശൂര്‍ നിന്ന് ജോജു ചേട്ടന് വിളിക്കേണ്ടിവന്നു ഇത്രയും നല്ലൊരു വേഷം കിട്ടാന്‍. എന്ത് വേഷം തന്നാലും ചെയ്യാന്പറ്റുമെന്നൊരു ആത്മവിശ്വാസമുണ്ട്. കിട്ടുന്നത് ഏതുവേഷമാണെങ്കിലും അവര്‍ പറയുന്നതിനും ഒരു സ്റ്റെപ്പ് മുകളില്‍ ചെയ്തുകാണിച്ചിരിക്കും. കോമഡി നന്നായി ചെയ്യാനാവുമെന്ന് ഉറപ്പുണ്ട്. എങ്കിലും ചെയ്യാത്തതരം വേഷങ്ങള്‍ ചെയ്യാനാണ് കൂടുതലിഷ്ടം. ഇവനിത് മുമ്പും ചെയ്തിട്ടുണ്ടല്ലോ എന്ന് ആളുകള്‍ പറയരുത്.
പൈസയുടെ വിലയെന്താണെന്ന് ശരിക്കും അറിഞ്ഞിട്ടുണ്ട് ജീവിതത്തില്‍
സിനിമ എന്നുമാത്രം വിചാരിച്ച് അതിനുപിറകേ നടക്കാവുന്ന സാഹചര്യമല്ല വീട്ടില്‍. അതിജീവിക്കുക എന്നതാണല്ലോ ഏറ്റവും പ്രധാനം. അതാണ് തുണിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഭക്ഷണം കഴിക്കണമല്ലോ. കതൃക്കടവിലാണ് താമസം. പെങ്ങളെ വിവാഹം കഴിപ്പിച്ചയച്ചു. അനിയനും മമ്മിയുമാണ് കൂടെയുള്ളത്. ഡാഡി മരിക്കുമ്പോള്‍ അനിയനും അനിയത്തിയും തീരെ കുഞ്ഞാണ്. മമ്മിക്ക് ജോലിയില്ലായിരുന്നു. ബുദ്ധിമുട്ടെന്താണെന്ന് നല്ലവണ്ണം അറിഞ്ഞുതന്നെയാണ് വളര്‍ന്നത്. പൈസയുടെ വിലയെന്താണെന്ന് ശരിക്ക് അറിഞ്ഞിട്ടുണ്ട്. ആയുസുണ്ടെങ്കില്‍ നല്ല സിനിമകള്‍ ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം.
ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ എന്ന ചിത്രത്തിൽ മൈഥിലിയ്ക്കൊപ്പം | ഫോട്ടോ: Instagram
ഡോണി എന്ന യാത്രികന്
ചെറിയൊരു ഗൈഡ് എന്ന് വേണമെങ്കില്‍ പറയാം. വിദേശ സഞ്ചാരികള്‍ക്കൊപ്പം ഗൈഡായി പോവാറുണ്ട്. ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍ ഭാഷകള്‍ സംസാരിക്കും. വളരെ ബുദ്ധിമുട്ടിയാണ് ഇതെല്ലാം പഠിച്ചെടുത്തത്. യാത്ര ചെയ്തുകഴിഞ്ഞാലും അവരുമായി ഒരു ബന്ധം വെയ്ക്കാറുണ്ട്. പിന്നെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. യാത്ര ചെയ്യുമ്പോള്‍ ചിലര്‍ ഇംഗ്ലീഷ് സംസാരിക്കില്ല. എന്നാല്‍ ഇംഗ്ലീഷ് കൂടി സംസാരിക്കുന്ന ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് നമുക്ക് അവരുടെ ഭാഷയിലെ കാര്യങ്ങള്‍ പഠിക്കാന്‍ കുറച്ചുകൂടി എളുപ്പം. ഒരു മൂന്നുമാസം അവര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴേക്കും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ചെറിയതോതില്‍ പഠിക്കാനാവും. അതിന് താത്പര്യമുണ്ടായാല്‍ മാത്രം മതി. ലോകസഞ്ചാരം നടത്തണമെന്ന് ആഗ്രഹമുണ്ട്.
വീടുണ്ടാക്കണം, കുടുംബം നന്നായി നോക്കണം
കുടുംബത്തെ സന്തോഷത്തോടെ നോക്കുക എന്നതാണ് പ്രധാന ചിന്ത. ഒരു വീടുണ്ടാക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. രണ്ടുസെന്റിലാണ് ഇപ്പോഴത്തെ താമസം. നമ്മുടെ അവസ്ഥയെന്താണെന്ന് നമുക്കേ അറിയൂ. ഇപ്പോഴുള്ള വീട്ടില്‍ സന്തോഷമായിട്ടാണ് കഴിയുന്നതെങ്കിലും വീടുണ്ടാക്കുന്നത് പ്രധാനപ്പെട്ടൊരു കാര്യമാണ്. അതിനൊപ്പം സിനിമയില്‍ നല്ല വേഷങ്ങളും ചെയ്യണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]