![](https://newskerala.net/wp-content/uploads/2025/02/deportation_1200x630xt-1024x538.jpg)
ദില്ലി: കഴിഞ്ഞ 15 വർഷത്തിനിടെ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2009 മുതൽ 15,756 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
അമേരിക്കയിൽ നിന്ന് നാട് കടത്തുന്നത് പുതിയ കാര്യമല്ലെന്ന് മന്ത്രി വിശദീകരിച്ചു. വർഷങ്ങളായി തുടരുന്നതാണിത്. ഇത് ഒരു രാജ്യത്തിന് മാത്രം ബാധകമായ നയമല്ല. നാടുകടത്തപ്പെടുന്നവരോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് അധികൃതരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജയശങ്കർ പുറത്തുവിട്ട കണക്ക് പ്രകാരം 2019 ലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത്- 2,042 പേർ. അതിനുശേഷം 2020 ൽ 1889 പേർ നാട് കടത്തപ്പെട്ടു.
കഴിഞ്ഞ 15 വർഷത്തെ കണക്ക്
2009: 734
2010: 799
2011: 597
2012: 530
2013: 515
2014: 591
2015: 708
2016: 1,303
2017: 1,024
2018: 1,180
2019: 2,042
2020: 1,889
2021: 805
2022: 862
2023: 617
2024: 1,368
2025 (ഫെബ്രുവരി 5 വരെ): 104
ഇന്ത്യക്കാരെ കൈകളിൽ വിലങ്ങും കാലുകളിൽ ചങ്ങലയുമിട്ട് അമേരിക്കയിൽ നിന്ന് തിരിച്ചയച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ വിധം 40 മണിക്കൂർ വിമാന യാത്ര ദുരിത യാത്രയായിരുന്നുവെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയിൽ പോകാൻ അനുവാദം നൽകിയത്. ഭക്ഷണം കഴിക്കാൻ പോലും വിലങ്ങ് അഴിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവാദം നൽകിയില്ല. കാബിൻ ഉദ്യോഗസ്ഥരിൽ ചിലർ ഇടയ്ക്ക് പഴങ്ങൾ നൽകിയത് ആശ്വാസമായെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ ദിവസം സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്നെത്തിച്ച ഇന്ത്യാക്കാരുടെ സംഘത്തിൽ ആറു വർഷമായി അവിടെ തങ്ങുന്ന കുടുംബവുമുണ്ട്. ഭൂരിപക്ഷം പേരും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ യുഎസിലേക്ക് കടക്കാൻ നോക്കിയവരാണ്. നിയമപരമായ പ്രവേശനം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് വീട് വിറ്റും വായ്പയെടുത്തും ഒരു കോടി വരെ നൽകിയ പലരും വഞ്ചിക്കപ്പെടുകയായിരുന്നു. 13 രാജ്യങ്ങൾ കടന്നാണ് യുഎസ് അതിർത്തിയിൽ എത്തിയതെന്ന് നാടുകടത്തപ്പെട്ടവരിൽ ചിലർ വെളിപ്പെടുത്തി. വിമാനത്തിനുള്ളിൽ വിലങ്ങുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് കൂടുതൽ സ്ത്രീകളും രംഗത്ത് വന്നു.
അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാട് കടത്തിയ സംഭവത്തിൽ പ്രതിപക്ഷം ശക്തമാക്കാൻ കോണ്ഗ്രസ് തീരുമാനിച്ചു. രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]