![](https://newskerala.net/wp-content/uploads/2025/02/metro.1.3128079.jpg)
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് കരുത്തേകാൻ സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് നിർമ്മിക്കാനുള്ള നടപടികൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. കോഴിക്കോട് മെട്രോയും യാഥാർത്ഥ്യമാക്കുമെന്ന് പറഞ്ഞ ധനമന്ത്രി കൊച്ചി മെട്രോയുടെ വികസനം തുടരുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് വ്യക്തമാക്കിയത്. ‘ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കിയ നിർദ്ദേശങ്ങളും സർക്കാരിന്റെ കൈയിലുണ്ട്. അതെല്ലാം പൂർണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. സർക്കാർ അവയെല്ലാം വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കും. അത് ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നത് ‘- എന്നാണ് ബെഹ്റ പറഞ്ഞത്. സർക്കാർ അലൈൻമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ അത് കേന്ദ്രത്തിന് സമർപ്പിക്കും.
ടെക്നോപാർക്കിനടുത്ത്, കഴക്കൂട്ടത്തുനിന്നാരംഭിച്ച് കിഴക്കേ കോട്ടവരെ പോകുന്ന അലൈൻമെന്റാണ് സംസ്ഥാന സർക്കാർ കൂടുതൽ താത്പര്യമെടുക്കുന്നത്. മറ്റ് അലൈൻമെന്റുകളും പരിഗണിക്കുന്നുണ്ട്. 42 കിലോമീറ്റര്‍ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുക എന്നാണ് അറിയുന്നത്. 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചെലവ് 20:20:60 അനുപാതത്തിലാവും പങ്കിടുക. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാക്കിയുള്ളത് അംഗീകൃത ഏജൻസിയിൽ നിന്നുള്ള വായ്പ വഴിയുമാണ് സംഘടിപ്പിക്കുന്നത്.